സെറിബ്രൽ പാൾസിയുള്ള മകനെയും കൊണ്ട് ഈ അമ്മ എങ്ങോട്ട് പോകണം

ജപ്തി ഭയന്ന് ഭർത്താവ് ജീവനൊടുക്കി

കൊച്ചിവീട് ജപ്തി ചെയ്യാൻ സഹകരണ ബാങ്ക് നടപടി തുടങ്ങിയതോടെ സെറിബ്രൽ പാൾസി ബാധിച്ച മകനുമൊത്ത് തെരുവിലേക്ക് ഇറങ്ങേണ്ട സ്ഥിതിയിലാണ് ചോറ്റാനിക്കരയിലെ ദീപയും കുട്ടികളും. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വീട് നഷ്ടപ്പെടുമെന്ന് ഭയന്ന് ദീപയുടെ ഭർത്താവ് രണ്ട് ദിവസം മുമ്പാണ് ആത്മഹത്യ ചെയ്തത്. ഈ മാസം 22 ന് വീട് ഒഴിയണമെന്നാണ് സഹകരണ ബാങ്കിന്‍റെ നോട്ടീസ്.

അസുഖബാധിതനായ മകനെയും ആറാം ക്ലാസിൽ പഠിക്കുന്ന മകളുമായി ഏത് നിമിഷവും ദീപയ്ക്ക് വീട് വിട്ടിറങ്ങണം. കയറിച്ചെല്ലാൻ മറ്റൊരിടമില്ല. ചോറ്റാനിക്കരയിലെ പീപ്പിൾസ് അ‍ർബൻ  സഹകരണ ബാങ്കിൽ നിന്ന് അഞ്ചര ലക്ഷം രൂപ വായ്പവാങ്ങിയാണ് ദീപയുടെ ഭർത്താവ് വിനു മൂന്ന് സെന്റിലെ ഈ വീട് വാങ്ങിയത്. ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം മകന്‍റെ ചികിത്സയ്ക്കും വീട്ടുചെലവിനും പോലും തികയാതെ വന്നതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് വന്നത്. വീട് നഷ്ടമാകുമെന്നായതോടെ വിനു തൂങ്ങിമരിച്ചു.

വായ്പ തിരിച്ചടയ്ക്കാൻ ബാങ്ക് പലതവണ കാലാവധി നീട്ടി നൽകി. പക്ഷെ 75,000 രൂപ മാത്രമാണ് ഇതുവരെ തിരിച്ചടച്ചത്. കുടിശിക അടക്കം ഇനി ഏഴര ലക്ഷം രൂപയാണ് ബാങ്കിന് കിട്ടാനുള്ളത്. ജപ്തി നടപടി ഒഴിവാക്കാൻ വിനു കോടതിയെ സമീപിച്ചിരുന്നെങ്കിലും റവന്യു റിക്കവറിയുമായി മുന്നോട്ട് പോകാൻ ബാങ്കിന് കോടതി അനുവാദം നൽകുകയാണ് ചെയ്തത്. ഗൃഹനാഥൻ ആത്മഹത്യ ചെയ്തെങ്കിലും ജപ്തി ഒഴിവാക്കാനാകില്ലെന്നും അവധി നീട്ടി നൽകുന്ന കാര്യം ആലോചിക്കാമെന്നുമാണ് സഹകരണ ബാങ്കിന്‍റെ നിലപാട്. 

Leave a Reply

Your email address will not be published. Required fields are marked *