പ്രശസ്ത റോക് ക്ലൈംബർ ബ്രാഡ് ഗോബ്രൈറ്റിന് ക്ലൈംബിങ്ങിനിടെ ദാരുണാന്ത്യം

മെക്സിക്കോസിറ്റി: ലോകപ്രശസ്ത റോക് ക്ലൈംബർ ബ്രാഡ് ഗോബ്രൈറ്റ് (31) ക്ലൈംബിങ്ങിനിടെ വീണു മരിച്ചു. വടക്കൻ മെക്സിക്കോയിലെ കിഴക്കാംതൂക്കായ പാറക്കൂട്ടത്തിൽ ക്ലൈംബിങ് നടത്തുന്നതിനിടെയാണ് ബ്രാഡ് ഗോബ്രൈറ്റ് വീണ് മരിച്ചത്. ഗോബ്രൈറ്റിനൊപ്പം കൂട്ടാളിയായി അമെരിക്കക്കാരനായ ഐദൻ ജേക്കബ്സൺ എന്നയാളുമുണ്ടായിരുന്നു.

വ്യാഴാഴ്ച മെക്സിക്കോയിലെ വടക്കൻ സംസ്ഥാനമായ ന്യുയെവോ ലെയോണിലെ ഷൈനിങ് പാത്ത് എന്നറിയപ്പെടുന്ന മേഖലയിൽ ക്ലൈംബിങ് നടത്തുന്നതിനിടെ ഇവർ പിടിവിട്ട് താഴെ വീഴുകയായിരുന്നുവെന്നാണ് മെക്സിക്കൻ അധികൃതർ പറയുന്നത്. 900 മീറ്ററോളം ഗോബ്രൈറ്റ് കയറിയിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

ഇരുവരും താഴേക്ക് പോയെങ്കിലും കൂട്ടാളിയായിരുന്ന ജേക്കബ്സണിന് പാറയുടെ തള്ളിനിൽക്കുന്ന ഭാഗത്തിലേക്ക് ചാടി നിൽക്കാൻ സാധിച്ചതിനാൽ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. കാലിനും ശരീരത്തിനും സാരമായി പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്. എന്നാൽ ഗോബ്രൈറ്റ് 300 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു. ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ച് സുരക്ഷക്ക് വേണ്ടിയുള്ള റോപ്പുകൾ ഉപയോഗിക്കാതെ ഒറ്റയ്ക്ക് അപകടകരമായ പാറക്കെട്ടുകൾ കയറുന്നതാണ് ഗോബ്രൈറ്റിനെ ശ്രദ്ധേയനാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *