അയൽക്കൂട്ടങ്ങൾക്ക് പലിശ സബ്സിഡി മന്ത്രി കൈമാറി

ജില്ലയിൽ റിസർജന്റ് കേരള ലോൺ സ്കീം (ആർകെഎൽഎസ്) പദ്ധതി പ്രകാരം   കുടുംബശ്രീപ്രളയ ബാധിത അയൽക്കൂട്ടങ്ങൾക്ക്‌ അനുവദിച്ച  പ്രളയബാധിത പലിശ സബ്സിഡിവിതരണം  മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്‌തു. കുടുംബശ്രീയിലൂടെ സ്ത്രീശാക്തീകരണവും സ്വയംപര്യാപ്തരും കർമനിരതരുമാക്കി മാറ്റാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീക്ക് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും സേവനവിപണന രംഗത്തും വലിയ സംഭവനകൾ നൽകാൻ സാധിക്കും.  സ്ത്രീകൾ കൂടുതൽ ശക്തരായി മാറണമെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്നും അത്തരം പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.   

  ജില്ലയിലെ  578 അയൽക്കൂട്ടങ്ങളിലായി 1047 അംഗങ്ങൾക്ക്‌ ലഭ്യമാക്കിയ 10,13,67,650 രൂപയുടെ വായ്പയുടെ ആദ്യ ഗഡു പലിശസബ്സിഡിയായി  70 ലക്ഷം രൂപയാണ് അനുവദിച്ചത്. ആദ്യഘട്ട സബ്സിഡി തങ്കമണി   ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റിനും പൊട്ടൻകാട്‌ ബാങ്ക് പ്രസിഡന്റ് ഷൈലജ സുരേന്ദ്രനും കൈമാറിയാണ്‌ ഉദ്ഘാടനം ചെയ്തത്. വീട്ടിലൊരു കുടുംബശ്രീ ഉൽപ്പന്നം എന്ന ക്യാംപെയ്ന്റെ പ്രചരണത്തിനായി നിർമിച്ച പോസ്റ്റർ, മന്ത്രി ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന് നല്കി പ്രകാശനം ചെയ്തു.  

പ്രളയക്കെടുതിയിൽ നഷ്ടമായ വീട്ടുപകരണങ്ങളും ഉപജീവനമാർഗങ്ങളും വീണ്ടെടുക്കുന്നതിന് പ്രളയബാധിത അയൽക്കൂട്ടംഗങ്ങളായ വനിതകൾക്ക്‌ സാമ്പത്തിക പിന്തുണ നല്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കിയ സഹായ പദ്ധതിയാണ് റീസർജന്റ്‌  കേരള ലോണ് സ്കീം. ഒരു കുടുംബശ്രീ അംഗത്തിന് ഒരു ലക്ഷം രൂപവരെയാണ് പദ്ധതി പ്രകാരം പലിശ രഹിത വായ്പ നല്കിയത്. പരമാവധി നാല് വർഷത്തേക്കാണ്  ഒമ്പത്‌ ശതമാനം പലിശയ്ക്ക് നൽകുന്നത്‌. അയൽക്കൂട്ടങ്ങൾ ബാങ്കിൽ തിരിച്ചടയ്ക്കുന്ന  പലിശത്തുകയാണ് സബ്സിഡിയായി ഓരോ വർഷവും അയൽക്കൂട്ടങ്ങൾക്ക്‌ നൽകുന്നത്‌. അയല്ക്കൂട്ടങ്ങളുടെ  ജനുവരിവരെയുള്ള  തിരിച്ചടവ് കൃത്യമാണെങ്കിൽ  സേവിംഗ്സ് അക്കൗണ്ടിലേയ്ക്കും വായ്പ തിരിച്ചടവില് മുടക്കം വന്നിട്ടുള്ള സാഹചര്യത്തില് അയല്ക്കൂട്ടങ്ങളുടെ വായ്പാ അക്കൗണ്ടിലേയ്ക്കും ആയിരിക്കും   സബ്സിഡി   അനുവദിക്കുന്നത്. ഓൺലൈൻ ട്രാൻസ്‌ഫർ   സംവിധാനം സാധ്യമായിട്ടുള്ള ബാങ്കുകളിൽ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ടും മറ്റ് ബാങ്കുകളില് ബാങ്ക് മേനേജർ/ സെക്രട്ടറി വഴിയുമാണ് തുക വിതരണം ചെയ്യുന്നത്. 

ചെറുതോണി കരാർ ഭവനിൽ ചേർന്നയോഗത്തിൽ കുടുംബശ്രീ ജില്ലാമിഷന് കോർഡിനേറ്റർ ടി ജി അജേഷ്   അധ്യക്ഷനായി.  

കെഎസ്ആർടിസി ഡയറക്ടർ  സി വി വർഗീസ്‌   സംസാരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ ബിനു രാധാകൃഷ്ണൻ, പി എ ഷാജിമോൻ , ജോസ് സ്റ്റീഫൻ  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *