‘ജോളി എൻഐടിയിലെ പ്രൊഫസറല്ലെന്ന് നേരത്തേ അറിഞ്ഞിരുന്നു’: കൂടത്തായി ലൂർദ്ദ് മാതാ പള്ളി വികാരി

കോഴിക്കോട്: വിവാദമായ കൂടത്തായി മരണ പരമ്പര കേസിൽ മുഖ്യ പ്രതിസ്ഥാനത്തുള്ള ജോളി, എൻഐടിയിലെ പ്രൊഫസറല്ലെന്ന കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെന്ന് കൂടത്തായി ലൂർദ്ദ് മാതാ പള്ളി വികാരി ഫാ ജോസഫ് എടപ്പാടി. എൻഐടിയിൽ എന്തെങ്കിലും ജോലി കാണുമായിരിക്കും എന്നാണ് കരുതിയതെന്നും വികാരി, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

“ഞാൻ 2005 നും 2008 നും ഇടയിലാണ് കൂടത്തായി പള്ളിയിൽ ആദ്യം വികാരിയായിരുന്നത്. പിന്നീട് 2016 ലാണ് വീണ്ടും വികാരിയായി എത്തുന്നത്. പള്ളിയിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന വിശ്വാസി എന്നതിൽ കവിഞ്ഞ് പ്രാധാന്യമുള്ള തസ്‌തികകളിലൊന്നും ജോളി ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോൾ പള്ളിയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തെറ്റാണ്,” അദ്ദേഹം പറഞ്ഞു.

“ഷാജുവിനെ വിവാഹം കഴിച്ച ശേഷം 2017 മുതൽ ഇവർ കോടഞ്ചേരി ഇടവകാംഗമാണ്. പക്ഷെ ജോളിയുടെയും റോയിയുടെയും രണ്ട് മക്കൾ കൂടത്തായി ഇടവകാംഗങ്ങളാണ്. എൻഐടിയിൽ അദ്ധ്യാപികയാണെന്നാണ് ഇവർ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ സ്വത്തുതർക്കം കൂടുതൽ സങ്കീർണ്ണമായതോടെ റോജോ നടത്തിയ അന്വേഷണത്തിൽ അവർ അദ്ധ്യാപികയല്ലെന്ന് മനസിലായി. റോജോ അത് എന്നോട് പറഞ്ഞിരുന്നു. എങ്കിലും അവർ സ്ഥിരമായി എൻഐടിയിൽ പോകുന്നതും വരുന്നതും കാണാറുണ്ട്. എൻഐടിയിൽ വച്ച് അവരെ കണ്ടവരുമുണ്ട്. അതിനാൽ തന്നെ അവിടെ അനദ്ധ്യാപക തസ്‌തികയിൽ ജോലി ചെയ്യുന്നതാവാം എന്നായിരുന്നു സംശയം. രണ്ട് വർഷത്തോളമായി ഇടവകയിലെ മുഴുവൻ പേർക്കും ഇക്കാര്യം അറിയാമായിരുന്നു.”

“സാധാരണ വിശ്വാസി എന്നതിൽ കവിഞ്ഞ് അവരും കൂടത്തായി പള്ളിയും തമ്മിൽ മറ്റ് ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാസ്റ്റിസം പഠിപ്പിക്കാൻ പോലും അവരുണ്ടായിരുന്നില്ല. പള്ളിയിലെ വനിതാ കമ്മിറ്റിയിലോ മറ്റോ ഞാനില്ലാതിരുന്ന കാലത്ത് അവർ ഭാരവാഹിയായിട്ടുണ്ടോ എന്നറിയില്ല. അതല്ലാതെ കൂടുതൽ പ്രാധാന്യമുള്ള ഒരു സ്ഥാനവും അവർ വഹിച്ചിരുന്നില്ല,” വികാരി വ്യക്തമാക്കി.

“പ്രീ മാര്യേജ് കൗൺസിലിംഗ് കോർഡിനേറ്റർ ആയിരുന്നു ഇവർ എന്നതൊക്കെ തെറ്റായ കാര്യമാണ്. അത് രൂപത നേരിട്ട് നടത്തുന്ന കോഴ്സാണ്. മിനിമം പിജി എങ്കിലും ഉള്ളവർക്കേ അവിടെ കോഴ്സ് പഠിപ്പിക്കാൻ തെരഞ്ഞെടുക്കാറുള്ളൂ. അതിലൊന്നും ഒരിക്കലും അവർ ഉണ്ടായിരുന്നില്ല,” ഫാ ജോസഫ് കൂട്ടിച്ചേർത്തു.

Last Updated 7, Oct 2019, 5:56 PM IST

Leave a Reply

Your email address will not be published. Required fields are marked *