നേത്രചികിത്സക്കെത്തിയ മൂന്നുവയസുകാരൻ മരിച്ചു; പിഴവെന്ന് ബന്ധുക്കൾ, മൃതദേഹവുമായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം

കോഴിക്കോട്: ചികിത്സാപിഴവിനെ തുടർന്ന് മൂന്ന് വയസുകാരൻ മരിച്ചെന്നാരോപിച്ച് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് മുന്നിൽ മൃതദേഹവുമായെത്തി ബന്ധുക്കളുടെ പ്രതിഷേധം. മലപ്പുറം ചേളാരി സ്വദേശിയായ രാ‍ജേഷിന്റെ മകൻ അനയ് ആണ് മരിച്ചത്. അനസ്തേഷ്യ കൊടുത്തതിനെത്തുടർന്ന് കുട്ടി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇന്നലെയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കണ്ണിന് അപകടം പറ്റിയ അനയയെ കോംട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടിയുടെ ആരോഗ്യനില പരിഗണിക്കാതെ ആശുപത്രി അധികൃതർ അനസ്തേഷ്യ നൽകിയതിനെതുടർന്ന് കുഴഞ്ഞ് വീണ് കുട്ടി മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ മൃതദേഹവുമായി പ്രതിഷേധിച്ചത്.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് പ്രത്യേകസംഘം ഇന്ന് കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പരാതിയിൽ ആശുപത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കുമെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു.
 

Leave a Reply

Your email address will not be published. Required fields are marked *