യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോമരത്തെ അറസ്റ്റ് ചെയ്തത് ഹിന്ദു ആചാരങ്ങളെ തകർക്കാൻ; അറസ്റ്റിനെതിരെ ബിജെപി

യുവതിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ക്ഷേത്രച്ചടങ്ങിനിടെ കോമരം കൽപന പുറപ്പെടുവിച്ചെന്ന മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോമരത്തിനെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി. ഹിന്ദു ആചാരങ്ങളെ തകർക്കാൻ പൊലീസും ചേർന്ന് ഒത്തുകളിക്കുകയാണന്നും കോമരത്തെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ബിജെപി പ്രാദേശിക നേതാക്കൾ ആരോപണമുന്നയിക്കുന്നു.

മണലൂരിൽ ബുധനാഴ്ചയാണ് സംഭവം. യുവതിയുടെ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. ഇരുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ സ്വഭാവദൂഷ്യം കാരണം യുവതി ദേവിയ്ക്കു മുൻപിൽ മാപ്പു പറയണമെന്നായിരുന്നു കോമരത്തിന്റെ കൽപന.

ഇതിനെ തുടർന്ന് നാട്ടുകാരനായ യുവാവാണ് കോമരം തുള്ളിയത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.

ഇയാളുടെ സുഹൃത്തിന്റെ സ്വാധീനത്താലാണ് കോമരം ഇങ്ങനെ പറഞ്ഞതെന്നും അയാൾക്കെതിരെയും നടപടി വേണമെന്ന് യുവതിയുടെ സഹോദരൻ പരാതിയിൽ ആവശ്യപ്പെട്ടു. ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകർ തിങ്കളാഴ്ച യുവതിയുടെ വീട് സന്ദർശിക്കുകയും കോമരം തുള്ളിയ ആൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *