അറസ്റ്റില്ല; കലാപാഹ്വാനം നടത്തിയ കപിൽ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ

ന്യൂഡൽഹി> ഡൽഹിയിൽ പ്രകോപനപരമായ പ്രസംഗത്തിലൂടെ കലാപത്തിന്‌ തുടക്കമിട്ട ബിജെപി നേതാവ്‌ കപിൽ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെന്ന് കാണിച്ച് കപിൽ മിശ്ര നല്‍കിയ അപേക്ഷയിലാണ്‌ നടപടി. വിദ്വേഷ പ്രസംഗത്തിന് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.കലാപത്തിന് കാരണമായ കപില്‍ മിശ്രയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കപിൽ മിശ്രയ്ക്കൊപ്പം ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഡൽഹിയിലെ മൗജ്‌പൂര്‍ ചൗക്കില്‍ സംഘടിപ്പിച്ച പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചുള്ള പ്രസംഗത്തിലാണ്‌ കലാപാഹ്വാനം നടത്തിയത്‌. ‘പൊലീസിന് ഞാന്‍ മൂന്ന് ദിവസത്തെ സമയം നൽകുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കിൽ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോകും. അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും. അതിന് ശേഷം അനുനയ നീക്കവുമായി പൊലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ലെന്നായിരുന്നു കപില്‍ മിശ്രയുടെ പ്രതികരണം

കപില്‍ മിശ്രയുടെ വിവാദ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയായിരുന്നു ഡൽഹിയില്‍ കലാപം ആരംഭിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീന്‍ ബാഗ് അടക്കമുള്ളയിടങ്ങളിലെ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലങ്കിൽ നിയമം കയ്യിലെടുക്കുമെന്നായിരുന്നു പൗരത്വ പ്രതിഷേധ സമരങ്ങൾക്കെതിരെ നടന്ന റാലിയിൽ കപിൽ മിശ്രയുടെ ഭീഷണി.

Leave a Reply

Your email address will not be published. Required fields are marked *