കോണ്ഗ്രസ് പാര്ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് രാഹുല് ഗാന്ധി പ്രതികരിച്ചതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്ഡിടിവി റിപ്പോര്ട്ട്

ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി പ്രതികരിച്ചതായി അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതായാണ് സൂചന. ‘നേതൃ വിഷയത്തില്‍ എന്‍റെ ഭാഗം ഞാന്‍ വ്യക്തമാക്കിയതാണ്. കത്തില്‍ ഞാന്‍ എല്ലാ കാര്യവും വ്യക്തമായി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടി പ്രസിഡന്‍റായി ഞാന്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് രാഹുല്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും പ്രസിഡന്‍റ് സ്ഥാനത്ത് തിരിച്ചെത്തില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി പ്ലീനറിയില്‍ അധ്യക്ഷനെ തെരഞ്ഞെടുക്കും. 

നേതൃത്വ ശൂന്യത കോണ്‍ഗ്രസിനെ വലയ്ക്കുന്ന സമയത്താണ് അധ്യക്ഷനാകില്ലെന്ന് രാഹുല്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയാണ് പാര്‍ട്ടിയെ നയിക്കുന്നത്. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധിയല്ലെങ്കില്‍ മറ്റാരെയെങ്കിലും പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന് ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് പാര്‍ട്ടിക്ക് അധ്യക്ഷനില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.  2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനമൊഴിയുന്നത്. നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷനെ കണ്ടെത്തണമെന്നും സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്നതിനോട് യോജിപ്പില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *