രാജ്യത്ത് 28 പേര്ക്ക് കോവിഡ്, രോഗം ബാധിച്ച ഇറ്റാലിയന് വംശജര്ക്കൊപ്പം ഇന്ത്യക്കാരനും

ദില്ലി: രാജ്യത്ത് കോവിഡ് 19 രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നു. ഇതുവരെ  28 പേര്‍ക്കാണ് രാജ്യത്ത് കോവിഡ്19 വൈറസ് സ്ഥിരീകരിച്ചത്.  ഇവരില്‍ 14 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ വംശജര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഇന്ത്യന്‍ വംശജനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ചാവ്ള ഐടിബിപി ക്യാപിലേക്ക് മാറ്റി.

രോഗ ബാധയുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. വൈറസ് പകരുന്ന സാഹചര്യത്തില്‍ എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ദില്ലിയിലെ എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാന്‍  നിര്‍ദ്ദേശം നല്‍കി. വിദേശത്ത് നിന്നെത്തുന്നവരുടെ നിരീക്ഷണം കര്‍ശനമാക്കി. വിദേശത്ത് നിന്നും എത്തുന്നവരെ വിദഗ്ദപരിശോധനയ്കക് ശേഷമാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതെന്നും’ ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. 

ഇതുവരേയും 28 കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അവര്‍ക്ക് പൂര്‍ണമായി രോഗം ഭേദമായി. രാജ്യതലസ്ഥാനത്താണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചത്. രോഗികള്‍ ഐസൊലേഷന്‍ ക്യാമ്പില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശങ്ക വേണ്ടെന്നും ഉന്നതതല യോഗത്തിന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. 

ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് ഇന്ത്യക്കാരെയും ഒരു ഇറ്റാലിയന്‍സ്വദേശിയും ചികിത്സയിലാണ്. രോഗ ബാധിതനായ ദില്ലി സ്വദേശിക്കൊപ്പം യാത്ര ചെയ്ത ആഗ്രയിലെ ആറ് ബന്ധുക്കളും ദില്ലി സഫ്ദര്‍ ജങ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ദില്ലി സ്വദേശിയുടെ മകള്‍ പഠിക്കുന്ന നോയിഡയിലെ സ്കൂളില്‍ നിന്നു നിരീക്ഷണത്തിലെടുത്ത 46 പേരില്‍ ആറുപേര്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തി.  എങ്കിലും പതിനാല് ദിവസം വീടുകളില്‍ നിരീക്ഷണം തുടരും. ഹൈദരാബാദിലെ കോവിഡ് ബാധിതനപ്പം ബസില്‍ യാത്രചെയ്ത 27 പേരും നിരീക്ഷണത്തിലുണ്ട്. ചൈന, ഇറ്റലി, ഇറാന്‍ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പൂര്‍ണമായി ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കഴിയുമെങ്കില്‍ മറ്റു രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. വിദേശത്തുനിന്നെത്തുന്നവര്‍ എവിടെയെല്ലാം സഞ്ചരിച്ചെന്ന് വിമാനത്താവളത്തില്‍ സാക്ഷ്യപത്രം നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *