ലഷ്കർബന്ധമുള്ള രണ്ട് പാക് നുഴഞ്ഞുകയറ്റക്കാർ പിടിയിൽ

ശ്രീനഗർ: ലഷ്കർബന്ധമുള്ള രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ കശ്മീരിലേക്ക്‌ കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടി. ഓഗസ്റ്റ് 21-നാണ് സംഭവം. ജനറൽ ഓഫീസർ കമാൻഡിങ് (ജി.ഒ.സി.) ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. ധില്ലൻ, കശ്മീർ എ.ഡി.ജി.പി. മുനീർ ഖാൻ എന്നിവർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. ഭീകരരെ കശ്മീരിലേക്കയച്ച് താഴ്‌വരയിലെ സമാധാനം കെടുത്താൻ പാകിസ്താൻ തീവ്രശ്രമം നടത്തുകയാണെന്ന് ധില്ലൻ പറഞ്ഞു.

ഇരുവരും കുറ്റസമ്മതം നടത്തുന്ന വീഡിയോ സമ്മേളനത്തിനിടെ പ്രദർശിപ്പിച്ചു. താഴ്‌വരയിലെ സമാധാനം നശിപ്പിക്കാൻ പാക് സൈന്യവും പൗരന്മാരും ഭീകരപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതെങ്ങനെയെന്ന് ദൃശ്യങ്ങളിൽനിന്ന്‌ മനസ്സിലാകുമെന്ന് ധില്ലൻ പറഞ്ഞു. തുടർച്ചയായി നുഴഞ്ഞുകയറ്റശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ക്രമസമാധാനനില സംബന്ധിച്ച ആശങ്ക ഇനിയും തീർന്നിട്ടില്ലെന്നും മുനീർ ഖാൻ പറഞ്ഞു.

പൂഞ്ച്, രജൗറി, ജമ്മു മേഖലകളിൽ നിയന്ത്രണരേഖയ്ക്കപ്പുറം ഒട്ടേറെ ഭീകരസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *