അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി 25,000 കോടി രൂപയുടെ ഹെലികോപ്റ്റർ ഇടപാടിന് ധാരണയായി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി 25,000 കോടി രൂപയുടെ ഹെലികോപ്റ്റർ ഇടപാടിന് ധാരണയായി. മുപ്പത് അത്യാധുനിക ഹെലികോപ്റ്ററുകളാണ് അമേരിക്കയിൽ നിന്ന് വാങ്ങാൻ പദ്ധതിയിടുന്നത്. കേന്ദ്രമന്ത്രിസഭാ സമിതി അടുത്തയാഴ്ച ഇടപാടിന് അംഗീകാരം നൽകിയേക്കും.

നാവികസേനയ്ക്ക് വേണ്ടി ഇരുപത്തിനാല് എംഎച്ച് 60 റോമിയോ മൾട്ടി മിഷൻ ഹെലികോപ്റ്ററുകളും കരസേനയ്ക്ക് വേണ്ടി ആറ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളും വാങ്ങാനാണ് ധാരണയായത്. റോമിയോ ഹെലികോപ്റ്ററുകളുടെ വിലയുടെ പതിനഞ്ച് ശതമാനം ആദ്യം നൽകും. ധാരണയിൽ ഒപ്പിട്ടു കഴിഞ്ഞാൽ രണ്ട് വർഷത്തിനകം ഹെലികോപ്റ്ററുകൾ രാജ്യത്തെത്തും.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഈ മാസം 24, 25 തീയതികളിലാണ് ഇന്ത്യാ സന്ദർശനത്തിനായെത്തുന്നത്. പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ആയുധ ഇടപാടുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും. വ്യാപാരക്കരാറിലും ഒപ്പുവയ്ക്കുമെന്നാണ് സൂചന. ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തുന്നുണ്ട്. ഡൽഹിക്ക് പുറമേ അഹമ്മദാബാദും ട്രംപ് സന്ദർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *