തീരത്ത് പിടിച്ചിട്ട കപ്പലില് രണ്ട് ഇന്ത്യക്കാര്ക്ക് കൊറോണ സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധ മൂലം ജപ്പാനിലെ യോക്കോഹാമയില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലിലെ ജീവനക്കാരാണ് ഇരുവരും. ഇരുവരുടെയും രക്തസാമ്പിള്‍ പരിശോധനയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

യാത്രക്കാരും ജീവനക്കാരും അടക്കം 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കൊറോണ വൈറസ് പടരാതിരിക്കാന്‍ ഫെബ്രുവരി 19 വരെയാണ് കപ്പല്‍ ജാപ്പനീസ് തീരത്ത് പിടിച്ചിട്ടിരിക്കുന്നത്.
വൈറസ് ബാധ സ്ഥിരീകരിച്ചവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ തുടരും. കപ്പലില്‍ ഉണ്ടായിരുന്ന ഇന്ത്യക്കാരെ അടിയന്തിരമായി രക്ഷപ്പെടുത്തണമെന്ന് ഇന്ത്യന്‍ ക്രൂ അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഐക്യരാഷ്ട്രസഭയോടും അഭ്യര്‍ത്ഥിക്കുന്ന വീഡിയോ നേരത്തെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

യോക്കോഹാമ തീരത്തടുത്ത ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയതോടെ കപ്പലിലുള്ള യാത്രക്കാരെ അധികൃതര്‍ ക്വാറന്റൈന്‍ ചെയ്യുകയായിരുന്നു. ബുധനാഴ്ച മുതല്‍ കപ്പലിലുള്ള മുഴുവന്‍ പേരും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിനായി നിയോഗിച്ച ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രോഗം ബാധിച്ചവരുടെ എണ്ണം 174 ആയി ഉയരുകയായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *