പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പൽ തീരംവിട്ടു

ലണ്ടൻ: ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേസ്-1 ജിബ്രാൾട്ടർ തീരംവിട്ടു. കപ്പൽ വിട്ടയക്കാൻ ജിബ്രാൾട്ടർ കോടതി ഉത്തരവിട്ടിരുന്നു. മലയാളികളുൾപ്പെടെ 24 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുള്ളത്.കപ്പലിന്റെ പേര് അഡ്രിയാൻ ഡാര്യ-1 എന്നുമാറ്റി. പാനമയുടെ പതാക താഴ്‍ത്തി ഇറാന്റെ പതാക ഉയർത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ജിബ്രാൾട്ടർ വിട്ട കപ്പൽ മെഡിറ്ററേനിയൻ കടലിലൂടെ കിഴക്ക് ഗ്രീസിലെ കലാമാട്ട ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്ന് സമുദ്രഗതാഗത നിരീക്ഷണ വെബ്‍സൈറ്റുകളെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.സിറിയയിലേക്ക് പോകില്ലെന്നും എണ്ണ കൈമാറില്ലെന്നും ഇറാൻ രേഖാമൂലം ഉറപ്പുനൽകിയതോടെയാണ് ജിബ്രാൾട്ടർ കോടതി കപ്പൽ വിട്ടുനൽകാൻ ഉത്തരവിട്ടത്. കപ്പൽ വീണ്ടും പിടിച്ചെടുക്കണമെന്ന യു.എസ്. കോടതിയുടെ ഉത്തരവ് നേരത്തേ ജിബ്രാൾട്ടർ അധികൃതർ തള്ളിയിരുന്നു. ഇറാനെതിരേയുള്ള യു.എസ്. ഉപരോധം യൂറോപ്യൻ യൂണിയനിൽ ബാധകമല്ലാത്തതിനാൽ യു.എസിന്റെ ഉത്തരവിന് നിയമസാധുതയില്ലെന്ന് ജിബ്രാൾട്ടർ കേന്ദ്രഭരണകൂടം പറഞ്ഞു.കപ്പലിന് ഇറാന്റെ സൈന്യമായ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് കോറുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു യു.എസ്. ഉത്തരവ്. റെവലൂഷണി ഗാർഡിനെ യു.എസ്. ഭീകരസംഘടനയായാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര സമുദ്രപരിധിക്കുള്ളിലുള്ള കപ്പൽ പിടിച്ചെടുക്കാൻ ശ്രമിക്കരുതെന്ന് ഇറാൻ യു.എസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വിസ് എംബസി മുഖാന്തരം ഇക്കാര്യം യു.എസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കപ്പലിന് അകമ്പടിസേവിക്കാൻ നാവികസംഘത്തെ അയക്കാൻ തയ്യാറാണെന്നും ഇറാൻ പറഞ്ഞു. അതേസമയം, കപ്പൽ ഗ്രീക്ക് തീരത്തേക്കുപോകുന്നതിന്റെ കാരണം വ്യക്തമല്ല. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പൽ സ്റ്റെനാ ഇംപേരോ ഇപ്പോഴും വിട്ടുകൊടുത്തിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *