മാസങ്ങളായി ശമ്പളമില്ല, ചോദിച്ചപ്പോൾ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചു

നല്ലൊരു ജീവിതം കെട്ടിപ്പടുക്കാമെന്ന ആഗ്രഹവുമായി മലേഷ്യയിലേക്ക് പോയ ഹരിപ്പാട് സ്വദേശി ഹരിദാസിന് അവിടെ അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരപീഡനങ്ങളാണ്. മലേഷ്യയിലെ ജോലി സ്ഥലത്ത്  ശമ്പളകുടിശിക ചോദിച്ചതിനാണ് ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ വാലേത്ത് വീട്ടിൽ രാജശ്രീയുടെ ഭർത്താവ് എസ്.ഹരിദാസിനെ തൊഴിലുടമ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചത്.

ഭാര്യ രാജശ്രീ കലക്ടർക്ക് നൽകി പരാതിയെ തുടർന്ന് വാർത്ത പുറത്ത് വരികയും ഹരിദാസിനെ ഇടപെടലുകൾ നടത്തി മോചിപ്പിക്കുകയുമായിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനും പരാതി അയച്ചിരുന്നു. ശരീരമാസകലം പൊള്ളലേൽപ്പിച്ചതിന്റെ പാടുകളോടെ കമഴ്ന്നു കിടക്കുന്ന ഹരിദാസിന്റെ ചിത്രം വാട്സാപ്പിൽ ലഭിച്ചപ്പോഴാണ് ഭാര്യയും ബന്ധുക്കളും ഈ ഞെട്ടിക്കുന്ന വിവരം അറിയുന്നത്.

ഹരിദാസിന് ഒപ്പം ജോലി ചെയ്യുന്ന തമിഴ്നാട്ടുകാരനാണ് ചിത്രങ്ങൾ അയച്ചത്.  കുടിശിക ശമ്പളം ചോദിച്ചപ്പോഴായിരുന്നു ആക്രമണം. ചിങ്ങോലി സ്വദേശി മുഖേന ചെന്നൈയിൽ അഭിമുഖം നടത്തിയാണ് മലേഷ്യയിൽ കൊണ്ടുപോയത്. തമിഴ്‌ വംശജരാണ് തൊഴിലുടമയെന്നും രാജശ്രീ പറഞ്ഞു.

ഞായർ വൈകിട്ട് വിളിച്ചപ്പോൾ പൊള്ളലേറ്റ വിവരം ഹരിദാസ് സൂചിപ്പിച്ചെങ്കിലും കൂടുതലൊന്നും പറഞ്ഞില്ല. 4 വർഷം മുൻപ് ജോലി തേടി പോയ ഹരിദാസിനു ഇതുവരെ അവധി അനുവദിച്ചിട്ടില്ല. 3 വർഷം കഴിഞ്ഞപ്പോൾ അവധി ആവശ്യപ്പെട്ടെങ്കിലും പാസ്പോർട്ടും മറ്റും തൊഴിലുടമ പിടിച്ചുവച്ചു.

30,000 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തു മലേഷ്യയിൽ ബാർബർ ജോലിക്കു കൊണ്ടുപോയ ഹരിദാസിന് പലപ്പോഴും 16,000 രൂപയാണ് ശമ്പളമായി ലഭിച്ചിരുന്നതെന്നും പരാതിയുണ്ട്. 7 മാസമായി ശമ്പളം ലഭിക്കുന്നില്ല. ചെന്നൈയിൽ എത്തിയ ഹരിദാസൻ തങ്ങളുമായി സംസാരിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഉടൻ തന്നെ ഇദ്ദേഹത്തെ വീട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *