വിവാഹച്ചടങ്ങിൽ സ്ഫോടനം; 63 മരണം

കാബൂൾ > അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ നഗരത്തിൽ വിവാഹച്ചടങ്ങിനിടെയുണ്ടായ ചാവേർ ബോംബ്‌ സ്‌ഫോടനത്തിൽ 63 മരണം. 180 പേർക്ക്‌ പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്‌ ഏറ്റെടുത്തു. ന്യൂനപക്ഷമായ ഷിയാ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ്‌ ആക്രമണമുണ്ടായത്. ആഘോഷത്തിനിടെയുണ്ടായ ആക്രമണമായതിനാൽ ദുരന്തത്തിന്റെ വ്യാപ്‌തി വലുതാണെന്ന്‌ അഫ്‌ഗാൻ ആഭ്യന്തരമന്ത്രി പറഞ്ഞു. സ്‌ഫോടനത്തിനുശേഷം രണ്ടു മണിക്കൂറോളമെടുത്താണ്‌ ശരീരങ്ങൾ മുറിയിൽനിന്നു മാറ്റിയത്‌. ആക്രമണം അതിക്രൂരമാണെന്ന്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഘാനി പ്രതികരിച്ചു. 

വധൂവരന്മാർ രക്ഷപ്പെട്ടു ചടങ്ങിൽ വിവാഹിതരാകേണ്ടിയിരുന്ന വധൂവരന്മാരെ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ കുടുംബവും വധുവും ഇപ്പോഴും ഞെട്ടലിൽനിന്ന്‌ വിമുക്തരായിട്ടില്ലെന്നും ആരും സംസാരിക്കുന്നില്ലെന്നും വരൻ മിർവൈസ്‌ പറഞ്ഞു. വധുവിന്‌ പൂർണമായും ബോധംതെ്‌ളിഞ്ഞിട്ടില്ല.പുരുഷന്മാർ നിന്ന മുറിയിലാണ്‌ സ്‌ഫോടനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വലിയ ശബ്ദമുണ്ടായി ഒരു നിമിഷത്തിനുശേഷം എല്ലാവരും നിലവിളിച്ചുകൊണ്ട്‌ പുറത്തേക്ക്‌ ഓടിയതായി ദൃക്‌സാക്ഷി മുഹമ്മദ്‌ ഫർഹാഗ്‌ പറഞ്ഞു. 20 മിനിറ്റോളം ആകെ പുക നിറഞ്ഞു. അതേസമയം, ഖത്തറിൽ താലിബാനും അമേരിക്കയുടെ പ്രതിനിധികളും തമ്മിലുള്ള സമാധാന ചർച്ച പുരോഗമിക്കുകയാണ്‌. സാധ്യമെങ്കിൽ കരാറിലെത്തിച്ചേരുമെന്ന്‌ ഡോണൾഡ്‌ ട്രംപ്‌ അറിയിച്ചിട്ടുണ്ട്‌. പത്തുദിവസം മുമ്പ്‌ കാബൂളിലെ പൊലീസ്‌ സ്‌റ്റേഷനു പുറത്ത്‌ താലിബാൻ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *