ജൂണ്‍ 4, 24 ന് അഖിലേന്ത്യാ പണിമുടക്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുവാനുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും എസ്ബിഐ യുടെ നിയന്ത്രണങ്ങളില്‍ നിന്നും അവയെ സ്വതന്ത്രമാക്കണമെന്നും ആവശ്യപ്പെട്ടും ജീവനക്കാരുടെ കാതലായ ചില പ്രശ്നങ്ങള്‍ ഉന്നയിച്ചും 2015 ജൂണ്‍ 4, 24 തീയതികളില്‍ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ പണിമുടക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍റ് ജയ്പൂര്‍, എന്നീ ബാങ്കുകളിലെ യൂണിയനുകളുടെ സംയുക്ത വേദിയായ സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ.) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കേരളമാസ്ഥാനമായുള്ള ഏക പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍റെ സ്വത്വവും സ്വതന്ത്രവും ജനകീയ സേവനങ്ങളും ഉറപ്പുവരുത്തുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെടുന്നു.
സ്വകാര്യവല്‍ക്കരണ – വിദേശവല്‍ക്കരണ – പുറംകരാര്‍വല്‍ക്കരണ നയങ്ങള്‍ക്കും ബാങ്ക് ലയനനീക്കങ്ങള്‍ക്കുമെതിരെ ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സമര-പ്രചരണ രംഗത്താണ്. എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐ. നിയന്ത്രണങ്ങളില്‍ നിന്നും വിമുക്തമാക്കുക. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ അംഗീകരിക്കുക, ട്രേഡ‍് യൂണിയനിനെതിരെയുള്ള എസ്.ബി.ബി.ജെ. മാനേജ്മെന്‍റിന്‍റെ കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കുക, ആശ്രിത നിയമനപദ്ധതി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കുക, ജീവനക്കാരുടെ ഭവന വായ്പാ പരിധി വര്‍ദ്ധിപ്പിക്കുക, സബോര്‍ഡിനേറ്റ് സ്റ്റാഫ് സ്വീപ്പര്‍ നിയമനങ്ങള്‍ നടത്തുക, അവകാശപത്രിക അംഗീകരിക്കുക, സേവന വേതന വ്യവസ്ഥകളില്‍ എസ്.ബി.ഐ. മാതൃക അടിച്ചേല്‍പ്പിക്കരുത്. ജീവനക്കാരുടെ ഓവര്‍ഡ്രാഫ്റ്റ് പരിധി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളാണ് പണിമുടക്കിനാധാരമായി എസ്എസ്.ബി.ഇ.എ. ഉന്നയിച്ചിട്ടുള്ളത്.
അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് ക്രിയാത്മക ചര്‍ച്ചകളിലൂടെ പരിഹാരം ഉറപ്പാക്കേണ്ട മാനേജ്മെന്‍റ് തികച്ചും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. എസ്.എസ്.ബി.ഇ.എ. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെങ്കില്‍ എസ്.ബി.ഐ.യില്‍ നിലവിലുള്ള ചില സേവന വ്യവസ്ഥകള്‍ ചര്‍ച്ചകള്‍ക്കോ ഭേദഗതികള്‍ക്കോ വിധേയമാക്കാതെ സ്വീകരിക്കണമെന്നാണ് മാനേജ്മെന്‍റ് നിലപാട്. പൊതുമേഖലാ ബാങ്കുകള്‍ക്ക് ജീവനക്കാരുടെ ഭവന വായ്പാ പരിധി വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ 2014 ല്‍ അനുമതി നല്‍കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ എസ്.ബി.ഐ. അടക്കമുള്ള ബാങ്കുകള്‍ ഭവന വായ്പ ഉദാരമാക്കുകയും ചെയ്തു. എന്നാല്‍ അസോസിയേറ്റ് ബാങ്കുകളില്‍ അതു നടപ്പാക്കാന്‍ സമ്മതിക്കാത്ത നിലപാട് എസ്.ബി.ഐ. സ്വീകരിക്കുകയാണ്. ദീര്‍ഘിച്ച പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത ആശ്രിത നിയമന പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ മാനിക്കാതെ, മരണപ്പെടുന്ന ജീവനക്കാരന്‍റെ വയസ്സിന്‍റേയും, സര്‍വ്വീസ് കാലത്തിന്‍റേയും പരിധി കൊണ്ടുവന്ന് പദ്ധതിയുടെ ലക്ഷ്യം തന്നെ എസ്.ബി.ഐ. മാനേജ്മെന്‍റ് അട്ടിമറിച്ചിരിക്കുകയാണ്. വര്‍ദ്ധിപ്പിച്ച ഹൗസിംഗ് ലോണും, ഓവര്‍ ഡ്രാഫ്റ്റും, അസോസിയേറ്റ് ബാങ്കുകളിലെ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മാനേജ്മെന്‍റ് അവാര്‍ഡ് ജീവനക്കാര്‍ക്കിത് നിഷേധിക്കുന്നത് അനീതിയും വിവേചനവുമാണ്. സബോര്‍ഡിനേറ്റ് ജീവനക്കാരുടെയും സ്വീപ്പര്‍മാരുടെയും നിയമനങ്ങള്‍ നടപ്പാക്കാതിരിക്കുന്നത് സമൂഹത്തോടു ചെയ്യുന്ന അനീതിയാണ്. സാധാരണക്കാര്‍ക്കു ലഭിക്കേണ്ട ജോലി നിഷേധിക്കുന്നത് ജനദ്രോഹമാണ്.
എസ്.ബി.ടി. കേരളത്തിലെ ജനകീയ പ്രീമിയര്‍ ബാങ്ക്
1945 ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ ബാങ്ക് പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായി രാജ്യമെന്പാടും വ്യാപിച്ചും കോര്‍ ബാങ്കിംഗ് അടക്കമുളഅള ആധുനിക സന്പ്രദായങ്ങള്‍ സ്വാശീകരിച്ചും ജനകീയ ബാങ്കിംഗ് സേവനസപര്യ തുടരുകയാണ്. പ്രവാസികളടക്കം എല്ലാ മലയാളികളുടേയും പ്രിയപ്പെട്ട എസ്.ബി.ടി. ഏഴു പതിറ്റാണ്ടോളം പ്രോജ്വലമായി നിലകൊള്ളുന്ന എസ്.ബി.ടിക്ക് ഇന്ന് രാജ്യവ്യാപകമായി ആയിരത്തി ഇരുനൂറോളം ശാഖകളും ഒന്നരലക്ഷം കോടി രൂപയിലധികം ബിസിനസ്സുമുണ്ട്. കേരള സംസ്ഥാനത്തെ ബാങ്കിം ബിസിനസ്സിന്‍റെ നാലിലൊന്നു ഭാഗം എസ്.ബി.ടിയാണ് കൈകാര്യം ചെയ്യുന്നത്. പ്രാദേശിക വികസന പ്രക്രിയയില്‍ സംസ്ഥാനത്തിനു പുറത്തും ഗണ്യമായ പങ്കാളിത്തത്തോടെ നിലകൊള്ളുന്ന എസ്.ബി.ടി. കൃഷിക്കാര്‍, ചെറുകിട വ്യവസായികള്‍, വ്യാപാരികള്‍, സ്വയം തൊഴിലെടുക്കുന്നവര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്ക് വിപുലമായ വായ്പാ സഹായങ്ങള്‍ നല്‍കിവരുന്നു. വന-വിദ്യാഭ്യാസ-സ്വര്‍ണ്ണപണയ വായ്പകള്‍ നല്‍കുന്നതിലും സര്‍ക്കാര്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നതിലും ഈ ബാങ്ക് മുന്‍പന്തിയില്‍ തന്നെ. ഏറ്റവും കൂടുതല്‍ കൃഷി-ചെറുകിട വ്യവസായ – വാണിജ്യ – വിദ്യാഭ്യാസ വായ്പകള്‍ സംസ്ഥാനത്ത് നല്‍കിയിട്ടുള്ളത് എസ്.ബി.ടിയാണ്. സംസ്ഥാനത്തെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എസ്.ബി.ടിയുടെ വായ്പാസഹായങ്ങള്‍ വളരെയേറെയാണ്.
ഇങ്ങനെ ഉത്പാദന മേഖലകളില്‍ വ്യാപകമായ വായ്പാ വിന്യാസം നടത്തി ഗ്രാമ-അര്‍ദ്ധനഗര – നഗര പ്രദേശങ്ങളിലെ പാവപ്പെട്ടവരുടേയും, സാധാരണക്കാരുടേയും ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ എസ്.ബി.ടി. വഹിച്ചുവരുന്ന പങ്ക് അനുപമമാണ്. 2015 മാര്‍ച്ച് 31 ന് പതിനാര് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1157 ശാഖകളും 1602 എ.ടി.എമ്മുകളും കേരളത്തില്‍ 838 ശാഖകളും, 1256 എ.ടി.എമ്മുകളുമുണ്ട്. 13775 ജീവനക്കാരും 91076 കോടി രൂപ നിക്ഷേപങ്ങളും 69906 കോടി രൂപ വായ്പകളും എസ്.ബി.ടിയ്ക്കുണ്ട്. 26647 കോടി രൂപ ഇന്‍വെസ്റ്റ്മെന്‍റുകളും 336 കോടി രൂപ അറ്റാദായവുമുണ്ട്. ബാങ്കിന് മൂലധനം കരുതല്‍ ധനം, മിച്ചം എന്നിങ്ങനെ 5209 കോടി രൂപയുണ്ട്. 10.82 ശതമാനമാണ് മൂലധന പര്യാപ്തത. എസ്.ബി.ടിയുടെ വായ്പാന്കഷേപാനുപാതം 76 ശതമാനമാണ്. വിവിധ ബിസിനസ്സ് മാനദണ്ഡങ്ങളിലും എസ്.ബി.ഐ.യേക്കാളും മറ്റനവധി പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ചും എത്രയോ മുന്നിലാണ് എസ്.ബി.ടി.
ലയനനീക്കം
പൊതുമേഖലാ ബാങ്കുകളെ ആറോ ഏഴോ ബാങ്കുകളാക്കി ചുരുക്കുവാനാണ് നീക്കം. നിലവിലുള്ള 5 അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. രാജ്യാന്തര കോര്‍പ്പറേറ്റ് ബാങ്കിംഗ് ബിസിനസ്സ് നടത്തുന്ന വന്‍കിട ബാങ്കുകളാക്കി മാറ്റുവാന്‍ പൊതുമേഖലാ ബാങ്കുകളെ തമ്മില്‍ തമ്മില്‍ ലയിപ്പിക്കണമെന്നതാണ് തങ്ങളുടെ നയമെന്ന് കേന്ദ്ര ഗവണ്‍മെന്‍റ്, ബാങ്ക് അധികൃതര്‍ പറയുന്നത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വായ്പകളായി നല്‍കാന്‍ ബാങ്കിനെ പ്രാപ്തമാക്കാനാണത്രേ ലയനം. ഇത്തരം ഭീമന്‍ വായ്പ കുടിശികയായാലുള്ള അപകടം കുറയ്ക്കാനാണ് പല ബാങ്കുകള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം വഴി വലിയ വായ്പകള്‍ കൊടുക്കുന്നത്. വിവിധ ബാങ്കുകളുടെ ജാഗ്രതയും പരിശോധനയും മേല്‍നോട്ടവും ഒരേസമയം ഉറപ്പാക്കാനാവുമെന്നതിനാല്‍ കണ്‍സോര്‍ഷ്യം വായ്പകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വമുണ്ട്. സുതാര്യതയും ജനകോടികളുടെ വിലപ്പെട്ട സന്പാദ്യം സുരക്ഷിതമായി വിനിയോഗിക്കേണ്ട ഉത്തരവാദിത്വമുള്ള ബാങ്കുകള്‍ക്ക് ഇത്തരം റിസ്ക് കുറക്കല്‍ സ്ട്രാറ്റജി അത്യന്താപേക്ഷിതമാണ്.
ലക്ഷ്യം ശാഖകള്‍ അടച്ചുപൂട്ടല്‍, ചെറുകിട ഇടപാടുകാരെ ഒഴിവാക്കല്‍, തൊഴില്‍ശക്തി കുറയ്ക്കല്‍.
ആഗോള വിപണിയില്‍ പ്രവേശിക്കുന്പോള്‍ മത്സരക്ഷമത വേണ്ടിവരുമെന്നും അതു ചെലവുചുരുക്കലിലൂടെ നേടണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ ആശയം. ബാങ്കു ശാഖകളുടേയും തൊഴിലാളികളുടേയും പുനഃക്രമീകരണത്തിലൂടെ ഇതു നേടുവാനാണ് ലക്ഷ്യം. അതായത് ശാഖകള്‍ അടച്ചുപൂട്ടിയും തൊഴിലാളികളെ പുറന്തള്ളിയും ഇടപാടു ചെലവുകള്‍ ചുരുക്കണമെന്നാണ് അര്‍ത്ഥം., കൂടാതെ ലാഭകരമല്ലാത്ത ബിസിനസ്സ് ഒഴിവാക്കി ലാഭക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ ബാങ്കുകള്‍ ശ്രമിക്കുന്പോള്‍ ചെറുകിട ബാങ്കിടപാടുകാരെയാണ് ഇതു പ്രതികൂലമായി ബാധിക്കുക. ചെറുകിട ബാങ്കിടപാടുകാരെ രാജ്യാന്തര ബാങ്കുകള്‍ പുറന്തള്ളും.
സംസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിക്കുന്ന അസോസിയേറ്റ് ബാങ്കുകളെ ഇല്ലാതാക്കരുത്.
അസോസിയേറ്റ് ബാങ്കുകളെ ഓരോന്നായി വിഴുങ്ങാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രമം. എസ്.ബി.ഐ.യ്ക്ക് കൂടുതല്‍ വലുതാകണം. പക്ഷെ അസോസിയേറ്റ് ബാങ്കുകളെ വളരാന്‍ അനുവദിക്കുകയില്ല. എസ്.ബി.ഐ.യ്ക്ക് വളരാനും വലുതാകാനും ഇടമുണ്ടെങ്കില്‍ അസോസിയേറ്റ് ബാങ്കുകള്‍ക്കും അതിന് കഴിയും.
എസ്.ബി.ഐ.യില്‍ നിന്നും എസ്.ബി.ടിയെ മോചിപ്പിക്കണം
എസ്.ബി.ഐ.യുടെ കീഴാളന്മാരാകേണ്ടി വന്നതുകൊണ്ട് അസോസിയേറ്റ് ബാങ്കുകളുടെ വളര്‍ച്ച തടസ്സപ്പെട്ടു എന്നതാണ് വസ്തുത. അസോസിയേറ്റ് ബാങ്കുകളേക്കാള്‍ ചെറുതായിരുന്ന ബാങ്കുകള്‍ 19691980 ദേശസാല്‍ക്കരണത്തെ തുടര്‍ന്ന് ലഭിച്ച പ്രവര്‍ത്തന സ്വാതന്ത്ര്യം മൂലം കൂടുതല്‍ വലുതായി. അതേസമയം അസോസിയേറ്റ് ബാങ്കുകളെ അത്തരത്തില്‍ വളരാന്‍ എസ്.ബി.ഐ. അനുവദിച്ചില്ല.
ഈ തടസ്സങ്ങള്‍ക്കിടയിലും അസോസിയേറ്റ് ബാങ്കുകള്‍ വളര്‍ന്നു. വിവിധ ബിസിനസ്സ് മാനദണ്ഡങ്ങളില്‍ എസ്.ബി.ഐ.യേക്കാള്‍ മുന്നിലാണ് അസോസിയേറ്റ് ബാങ്കുകള്‍ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠയും നേടി. അസോസിയേറ്റഅ ബാങ്കുകള്‍ പ്രധാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളില്‍ എസ്.ബി.ഐയേക്കാള്‍ ശാഖകള്‍ അവയ്ക്കുണ്ട്. നിക്ഷേപവളര്‍ച്ച, വായ്പാ വിന്യാസം, ജീവനക്കാരുടെ പ്രതിശീര്‍ഷ ബിസിനസ്സ് പ്രതീശീര്‍ഷ ലാഭം, ശാഖകളിലെ ശരാശരി നിഷ്ക്രിയ ആസ്തി തുടങ്ങിയവയില്‍ അസോസിയേറ്റ് ബാങ്കുകള്‍ക്ക് മെച്ചപ്പെട്ട സ്ഥിതിയാണുള്ളത്. എന്നിട്ടും എസ്.ബി.ഐ. ചിറ്റമ്മനയം തുടരുന്നു.
മറ്റെല്ലാ ബ്ങ്കുകള്‍ക്കും വളര്‍ന്നു വലുതാകാനുള്ള സ്വാതന്ത്രമുള്ളപ്പോള്‍ എന്തുകൊണ്ട് അത് അസോസിയേറ്റ് ബാങ്കുകള്‍ക്ക് നിഷേധിക്കപ്പെടുന്നു. പ്രാദേശിക വികസനത്തിലും സാന്പത്തിക വളര്‍ച്ചയിലും അസോസിയേറ്റ് ബാങ്കുകള്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രാധാന്യം ഈ ബാങ്കുകള്‍ക്കുണ്ട്. ഏവര്‍ക്കും സ്ഥാനവും കഴിവും പ്രകടമാക്കാനുള്ള സാഹചര്യം വിപണി-കേന്ദ്രീകൃത വ്യവസ്ഥയിലുണ്ടെന്നാണല്ലോ പറയുന്നത്. അത് അസോസിയേറ്റ് ബാങ്കുകള്‍ക്ക് ബാധകമല്ലെന്നുണ്ടോ അവസരം നല്‍കിയാല്‍ അവ എത്രയോ മികച്ച പ്രകടനം കാഴ്ചവയ്ക്കും.
ലയനഭീഷണി
ഇത്രമാത്രം ശക്തമായ ജനകീയ അടിത്തറയോടെയും ധനസ്ഥിതിയോടുകൂടിയും സേവന – ലാഭ ക്ഷമതയോടെയും പ്രവര്‍ത്തിക്കുന്ന എസ്.ബി.ടി. അടക്കമുള്ള ബാങ്കുകളെ ലയിപ്പിച്ചില്ലാതാക്കുവാനുള്ള നീക്കം നടക്കുന്നുണ്ട്. യുക്തിരഹിതവും സംസ്ഥാനത്തിന്‍റെയും ഇവിടുത്തെ ജനങ്ങളുടേയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ് ഇത്. ബാങ്കുകളെ കൂട്ടിലയിപ്പിക്കുന്നത് ദേശ-വിദേശ വന്‍കിടക്കാര്‍ക്ക് ഭീമവായ്പകള്‍ നല്‍കാനാണ് എന്നു പറയുന്ന ബാങ്കധികാരികള്‍ സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും താല്പര്യങ്ങള്‍ക്കു വിരുദ്ധമായ നിലപാടാണ് നിര്‍ഭാഗ്യവശാല്‍ സ്വീകരിക്കുന്നത്.
വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി കേരളത്തിലെ ജനങ്ങളുടെ ബാങ്കായ എസ്.ബി.ടി.യെ ലയിപ്പിച്ചില്ലാതാക്കാനുള്ള ഉദ്യമം ജനവിരുദ്ധമാണ്. ബിസിനസ് മാനദണ്ഡങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതും തനതായ രീതിയില്‍ വളര്‍ന്നു വികസിച്ചതുമായ എസ്.ബി.ടിയെ ലയിപ്പിച്ചില്ലാതാക്കുവാനുള്ള നിര്‍ബന്ധിത സാഹചര്യം ഇന്നില്ല. അതിനാല്‍ തന്നെ അത് അംഗീകരിക്കാനാവില്ല.
ജനകീയ ബാങ്കിംഗ് നിലനില്‍ക്കണം, ശക്തമാക്കണം
ബാങ്ക് ലയനങ്ങള്‍ ഇന്ത്യയില്‍ അനാവശ്യമാണ്. രാജ്യത്ത് ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ ബാങ്കു ശാഖകള്‍ തുറക്കണം. അതുവഴി അവഗണിക്കപ്പെടുന്ന ജനസംഖ്യയുടെ പകുതിയിലേറെ ജനങ്ങളെ ജനകീയ ബാങ്കിംഗ് ശൃംഖലയില്‍ ഉള്‍പ്പെടുത്തുകയും വേണൺ.
കൃഷി, ഗ്രാമവികസനം, തൊഴില്‍ സൃഷ്ടി, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യവികസനം, ചെറുകിട – ഇടത്തര വ്യവസായങ്ങളുടെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ സാമൂഹ്യ മേഖലകള്‍ക്ക് ബാങ്ക് വായ്പകള്‍ ഉദാരവ്യവസ്ഥയില്‍ എത്തിക്കണം.
ലയനങ്ങള്‍ ബാങ്കുകളെ ശക്തമാക്കുന്നില്ല. വിദേശത്ത് എത്രയോ വന്‍കിട ബാങ്കുകള്‍ സമീപകാലത്ത് കടപുഴകി വീണു. ആഗോളതലത്തില്‍ തന്നെ സിറ്റിബാങ്ക്, ലേമാന്‍ ബ്രദേഴ്സ്, ഗോള്‍ഡ്മാന്‍ സാക്സ്, റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലാന്‍റ്, യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലാന്‍റ് തുടങ്ങിയ വന്‍കിട ബാങ്കുകള്‍ തകര്‍ച്ചയെ നേരിട്ടത് നാം കണ്ടു. സാന്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2008 ന് ശേഷം അമേരിക്കയില്‍ തുടരുന്ന ബാങ്കുതകര്‍ച്ചകള്‍ 500-ലേറെയായി. വന്‍കിട ബാങ്കുകള്‍ തകരില്ലെന്ന വാദം നിരര്‍ത്ഥകമായി. ഈ സാഹചര്യത്തില്‍ ലയനമെന്ന ആശയമുയര്‍ത്തുന്നത് ആശാസ്യമല്ല. ദേശീയ വികസന പരിപ്രേക്ഷ്യത്തിലും ബാങ്കുകള്‍ നിറവേറ്റേണ്ട സാമൂഹ്യ ലക്ഷ്യങ്ങളുടെ വീക്ഷണത്തിലും നിര്‍ദ്ദിഷ്ട ബാങ്ക് ലയനങ്ങള്‍ അനാവശ്യവും പിന്തിരിപ്പനുമാണ്.
ബാങ്ക് നിക്ഷേപങ്ങളുടെ സിംഹഭാഗവും സാധാരണക്കാരുടെ മിച്ച സന്പാദ്യങ്ങളാണ്. ഇത് ഉല്പാദനമേഖലയില്‍ വിന്യസിക്കണം. ജനങ്ങളുടെ സാമൂഹ്യ-സാന്പത്തിക-ജീവിത നിലവാരം ഉയര്‍ത്തലാകണം ലക്ഷ്യം. അല്ലാതെ ഊഹക്കച്ചവടം നടത്തി ലാഭമുണ്ടാക്കലാക്കരുത്. ബാങ്ക് ലയന നീക്കം ജനവിരുദ്ധവും തൊഴിലാളി ദ്രോഹപരവും ദേശവിരുദ്ധവുമാണ്. രാജ്യവികസന താല്‍പര്യത്തിനും സന്പദ്ഘടനയ്ക്കും നിരക്കാത്തതാണ് നിര്‍ദ്ദിഷ്ട ബാങ്ക് ലയനങ്ങള്‍.
എസ്.ബി.ടി ശക്തമാകിതന്നെ നിലനില്‍ക്കണം
കേരളത്തിന്‍റെ വികസനത്തിന് ഇവിടുത്തെ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുന്ന എസ്.ബി.ടി. തുടര്‍ന്നും ശക്തമായി നിലനില്‍ക്കണം. എസ്.ബി.ടിയെ ഇല്ലാതാക്കുവാനുള്ള നീക്കം ഭരണാധികാരികള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും രംഗത്തുണ്ടാകുമെന്ന് ഉറപ്പുണ്ട്.
പത്രസമ്മേളനത്തില്‍ അനിയന്‍ മാത്യു (പ്രസിഡന്‍റ്, എസ്.ബി.ടി.ഇ.യു), കെ. മുരളീധരന്‍പിള്ള, (പ്രസിഡന്‍റ്, ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍), കെ.എസ്. കൃഷ്ണ, (ജനറല്‍ സെക്രട്ടറി എസ്.ബി.ടി.ഇ.യു), ആര്‍. ചന്ദ്രശേഖരന്‍ (സെക്രട്ടറി, എസ്.ബി.ടി.ഇ.യു), എസ്. സുരേഷ്കുമാര്‍ (അസി. സെക്രട്ടറി, എസ്.ബി.ടി.ഇ.യു). എന്നിവര്‍ പങ്കെടുത്തു.