തിരുവനന്തപുരം – സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളായ വര്‍ക്കല – പാപനാശം കടല്‍തീരവും പൊന്മുടിയും അപകട സാധ്യത മനസ്സിലാക്കി ജാഗ്രത പാലിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
തെക്കന്‍ കേരളത്തില്‍ ശക്തിയായ മഴ തുടരുന്നതുമൂലം വര്‍ക്കല പാപനാശത്തും പൊന്മുടിയിലും മണ്ണിടിച്ചില്‍ വ്യാപകമാവുകയാണ്. പൊന്മുടിയില്‍ മഴതുടങ്ങിയതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികളെ പോലീസ് വഴിയില്‍ തടയുകയായിരുന്നു. കാരണം മുന്നിന്‍ മുകളില്‍ പെട്ടെന്നുണ്ടായ വെള്ളചാട്ടങ്ങളാണ് അധികൃതര്‍ ഇടപെടാനുള്ള സാഹചര്യം സൃഷ്ടിച്ചത്.
പൊന്മുടിയെ വന്‍മലകള്‍ അനാവരണം ചെയ്യുന്നതു മൂലം അപകടത്തിനുള്ള സാധ്യതയ്ക്ക് അനുകൂല സാഹചര്യമാണ്. കുന്നിന്‍റെ ഉയരങ്ങളില്‍ നിന്നും പുതുതായി കാണപ്പെട്ട നീര്‍ചാലുകള്‍ മണ്ണ് ഇടിയാനുള്ള കാരണമായതുകൊണ്ട് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഏതു സമയത്തും മലയിടിച്ചില്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഈ അപകടങ്ങളില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് മുന്‍കരുതല്‍ എന്ന നിലയില്‍ പൊന്മുടിയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. ഇതുമൂലം സഞ്ചാരികളും അവിടെ സന്ദര്‍ശനം നിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ഹോട്ടലുകളും മറ്റു ഹോട്ടലുകളിലും സന്ദര്‍ശകര്‍ എത്താത്തതുമൂലം അടഞ്ഞു കിടക്കുകയാണ്.
ശാസ്ത്രീയമായി ഒരു അവലോകനം നടത്തിയാന്‍ പൊന്മുടി കുന്നിന്‍റെ പകുതിയാത്ര കഴിയുന്പോള്‍ അന്തരീക്ഷത്തിന് തന്നെ പല മാറ്റങ്ങളും ഉണ്ടാകുന്നതാണ്. ഇത് അന്തരീക്ഷത്തിലെ വ്യതിയാനമാണ്. ഒരു അപൂര്‍വ്വ സംഭവമായിട്ടാണ് വിനോദ സഞ്ചാരികള്‍ അഭിപ്രായപ്പെടുന്നത്. പല സഞ്ചാരികളും ഈ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശാസ്ത്രജ്ഞ വിഭാഗം ഇന്നേവരെ ഈ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. കാരണം അജ്ഞതമൂലമാണെന്ന് അധികൃതര്‍ തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. പൊന്മുടിയുടെ ഏറ്റവും നെറുകയില്‍ ചില അരുവികളും രൂപപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കടന്നിട്ടുണ്ട്. അവയെപ്പറ്റിയും വകുപ്പ് അധികൃതര്‍ യാതൊരു പഠനവും നടത്തിയിട്ടില്ല. ഇതിനെതിരെ പല ആക്ഷേപങ്ങളും ഉയര്‍ന്നുവന്നുവെങ്കിലും ഉത്തരവാദിത്വമുള്ളവര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല. പൊന്മുടിയിലേക്കുള്ള യാത്രയില്‍ വശങ്ങളിലെ കുന്നുകളില്‍ മണ്ണിടിച്ചില്‍ നിത്യസംഭവമാണെങ്കിലും ഭിത്തിയില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടതാണ്. ഇങ്ങനെയുള്ള അപാകതകളാണ് വന്‍ ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടാക്കുന്നത്.
വര്‍ക്കല പാപനാശത്തെ ഹെലിപ്പാടിനടുത്താണ് ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളത്. പാപനാശത്തിന്‍റെ മലകളുടെ അടിഭാഗത്തു നിന്നാണ് മണ്ണിടിച്ചില്‍ നടക്കുന്നത്. ഇത് വിനോദ സഞ്ചാരികളെ തിരിഞ്ഞോടാന്‍ പ്രേരിപ്പിക്കുകയാണ്. ഇതിന് പരിഹാരമായി ടണ്‍കണക്കിന് പാറകൊണ്ട് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാല്‍ മാത്രമേ മണ്ണിടിച്ചില്‍ നില്‍ക്കുകയുള്ളൂ. ഇതുമൂലം പാപനാശത്തെ കടല്‍തിരത്തെ കടലും മലയിടിക്കുന്ന മണ്ണും വിഴുങ്ങിയിരിക്കുകയാണ്. ഇത് സഞ്ചാരികളേയും ഭയപ്പെടുത്തിയിട്ടുണ്ട്. കടലില്‍ കുളിക്കുന്നതില്‍ നിന്നും മറ്റു പ്രകടനങ്ങളില്‍ നിന്നും സഞ്ചാരികളെ വിലക്കിയിട്ടുണ്ട്.
കടല്‍ തീരത്തിനടുത്തുള്ള താമസക്കാരും ഭീതിയുടെ നിഴലിലാണ്. ഇവരെ രക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേസമയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയാണ് ജനങ്ങളെ സമാശ്വസിപ്പിക്കുന്നത്. കടലിനോടടുത്ത് താമസിക്കുന്ന നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ദിനങ്ങളാണ് ഓരോ ദിവസവും അവര്‍ കഴിച്ചു കൂട്ടുന്നത്. ഏതു സമയത്തും കുന്നുകള്‍ ഇടിഞ്ഞു തകരുമെന്ന അവസ്ഥയാണ്. ശക്തിയായ മഴയില്‍ മണ്ണ് കുതിര്‍ന്നിറങ്ങുന്നതുമൂലം ഏതു നിമിഷവും മലയിടിച്ചില്‍ ഉണ്ടാകാവുന്നതാണ്. മലയിടിച്ചില്‍ തുടങ്ങിയാല്‍ ഏതാണ്ട് കുറഞ്ഞത് ആയിരം കുടുംബങ്ങള്‍ നിരാലംബരാകുമെന്നാണ് കണക്കു കൂട്ടുന്നത്. കൂടാതെ ഹെലിപ്പാടിനടുത്തുള്ള കച്ചവടസ്ഥാപനങ്ങളും മലയിടിച്ചില്‍ അസ്വസ്ഥരായി കഴിയുകയാണ്. ഇവര്‍ക്കും ആശ്വാസം നല്‍കാന്‍ ഉത്തരവാദിത്വമുള്ളവര്‍ ആരും മുന്നോട്ടു വന്നിട്ടില്ല. ഇവര്‍ വാടക നല്‍കിയാണ് കച്ചവടം നടത്തുന്നത്.
ഒരു മാസത്തിന് മുന്‍പ് പാപനാശത്ത് കടകള്‍ കത്തിനശിച്ച് ലക്ഷക്കണക്കിന് രൂപ നഷ്ടം സംഭവിച്ചത് കച്ചവടക്കാരെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചതും വര്‍ക്കല മുനിസിപ്പാലിറ്റി മറന്നിട്ടില്ല. അന്യ സംസ്ഥാനത്തെ കച്ചവടക്കാരെ സാന്പത്തിക സഹായം നല്‍കി പുനരധിവസിപ്പിക്കാനും വര്‍ക്കല മുനിസിപ്പാലിറ്റിയും സര്‍ക്കാരും ശ്രമിച്ചില്ലെന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്.
ഈ സാഹചര്യത്തില്‍ വര്‍ക്കല പാപനാശത്തേയും, പൊന്മുടി വിനോദ സഞ്ചാരകേന്ദ്രങ്ങളേയും പ്രകൃതിയുടെ ഭീഷണിയില്‍ നിന്നും രക്ഷിക്കുവാന‍് സര്‍ക്കാര്‍ തലത്തില്‍ എല്ലാവിധ സഹായവും ലഭ്യമാക്കേണ്ടതാണ്.
റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കല