തിരുവനന്തപുരം – ബാര്‍കോഴക്കേസില്‍ ബിജുരമേശിന്‍റെ ഡ്രൈവര്‍ അന്പിളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. തുടര്‍ന്ന് അന്പിളിയുടെ മൊഴിയില്‍ കള്ളമില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മാണി മന്ത്രിസഭയില്‍ നിന്നും മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രിക്കും താല്‍പര്യം വര്‍ദ്ധിക്കുകയാണ്. തല്‍ക്കാലം മന്ത്രി മാണി അവധിയെടുക്കട്ടെയെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം.
നുണപരിശോധനയില്‍ അന്പിളിയുടെ മൊഴി മാണിക്കെതിരായതുകൊണ്ട് വിജിലന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കുറ്റപത്രം നല്‍കുമെന്നറിയുന്നു. ധനമന്ത്രി മാണിക്കെതിരെ കോഴക്കേസില്‍ ഗുരുതരമായ ആരോപണം അന്പിളി ഉന്നയിച്ചത് സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബാര്‍കോഴക്കേസില്‍ ഏകദൃക്സാക്ഷിയാണ് അന്പിളി. ബാറുടമ രാജ്കുമാര്‍ ഉണ്ണി കെ.എം മാണിക്ക് പണം അടങ്ങിയ ബാഗ് നല്‍കുന്നതു കണ്ടുവെന്നാണ് അന്വേഷണ സംഘത്തിന് അന്പിളി നല്‍കിയ മൊഴിയില്‍ പറയുന്നത്. മന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കോന്പൗണ്ടിലെ പ്രശാന്തില്‍ വച്ചായിരുന്നു കോഴപ്പണം അടങ്ങിയ ബാഗ് മാണി വാങ്ങിയത്. ഇതിനു ശേഷം ഭാര്യ കുട്ടിയമ്മയ്ക്കു കൈമാറുന്നതും കണ്ടതായി അന്പിളി നുണപരിശോധനയില്‍ വെളിപ്പെടുത്തി. 39 ചോദ്യങ്ങളാണ് അന്പിളിയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ നുണ പരിശോധനയില്‍ ചോദിച്ചത്.
2014 ഏപ്രില്‍ രണ്ടിന് കെ.എല്‍. 01 ബി.ബി. 7878 എന്ന രജിസ്ട്രേഷന്‍ നന്പരുള്ള ബിജുരമേശിന്‍റെ കാറിലായിരുന്നു മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയത്.
ഇത്രയും തെളിവുകള്‍ മാണിക്കെതിരായി ഉയര്‍ന്ന സാഹചര്യത്തില്‍ മാണിയെ അവധിയില്‍ പ്രവേശിക്കുവാന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരനും ആവശ്യപ്പെട്ടുവെന്നാണറിയുന്നത്. തത്വത്തില്‍ ഇത് രാജിക്ക് തുല്യമാണ്. അതേസമയം ഭരണഘടനയില്‍ അവധി പ്രവേശനം നിക്ഷിപ്തമല്ല. കോടതിയില്‍ കുറ്റപത്രം നല്‍കുന്നതിന് മുന്‍പ് അവധിയില്‍ പ്രവേശിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്‍.എസ്.എസിന്‍റെ ആരോഗ്യവകുപ്പ് മന്ത്രി രാമചന്ദ്രന്‍ നായരുടെ പേരില്‍ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. അന്ന് കെ. കരുണാകരന്‍ മന്ത്രിയെ അവധിയില്‍ പ്രവേശിപ്പിച്ച് മുഖം രക്ഷിക്കുകയായിരുന്നു. ഇത് ഭരണഘടനയില്‍ ഇല്ലാത്തതാണ്. മുഖ്യമന്ത്രിക്ക് ഉചിതമായ തീരുമാനമെടുക്കാവുന്ന ഒരു വകുപ്പാണ്.
സി.എച്ച്. മുഹമ്മദ് കോയ ,അവുകാദര്‍ കുട്ടി നഹ തുടങ്ങിയവര്‍ ഉപമുഖ്യമന്ത്രിയായി മന്ത്രിസഭയില്‍ ഉണ്ടായിരുന്നുവെങ്കിലും ഭരണഘടനാ പരമായി ഇവര്‍ക്ക് യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. അതുപോലെ തന്നെയാണ് ഒരു മന്ത്രി അവധിയില്‍ പ്രവേശിച്ചാലും, അദ്ദേഹത്തിന്‍റെ അധികാരം നിഷ്ഫലമാകുന്നതാണ്. മന്ത്രി അവധിയില്‍ പ്രവേശിച്ചാല്‍ സെക്രട്ടേറിയറ്റില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതല്ല. എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ച വീട്ടില്‍ മന്ത്രിക്കു തുടരാവുന്നതാണ്.
കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ മന്ത്രിയായി തുടരുമെന്നാണ് കേരള കോണ്‍ഗ്രസ് (എം) അഭിപ്രായപ്പെടുന്നത്. മന്ത്രി മാണിയെ ഇനിയും ചുമക്കുന്നത് ശരിയല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. ഇതുവരെ പോലീസ് അന്വേഷണം നിഷ്പക്ഷമായിട്ടാണ് നടന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരു ഭാഗത്തു നിന്നും അന്വേഷണത്തെ സ്വാധീനിച്ചിട്ടില്ല. അഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും അഴിമതി കേസില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇനിയും മാണി കര്‍ഷന നിലപാടില്‍ തുടരാതെ മന്ത്രിസഭാംഗങ്ങളുടെ തീരുമാനം അംഗീകരിക്കേണ്ടതാണ്. അദ്ദേഹം അവധിയെടുത്തു ഏതെങ്കിലും ആശ്രമത്തില്‍ അഭയം പ്രാപിച്ചാല്‍ മാധ്യമങ്ങളില്‍ നിന്നും രക്ഷപെടാമെന്നും, കോടതിവിധി വരുന്നതുവരെ സ്വസ്ഥമായി കഴിഞ്ഞു കൂടാമെന്നും കോണ്‍ഗ്രസ് നേതൃത്വം മാണിയെ ഉപദേശിച്ചതായും അറിയുന്നു. മന്ത്രിസ്ഥാനം വിട്ടൊരു കളിക്കുമില്ലെന്നാണ് മാണി പറയുന്നത്. എന്നാല്‍ മാണിയെ പിണക്കുന്നതിനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. മാണിയെ അനുനയിപ്പിച്ചുകൊണ്ട് മന്ത്രിസഭയ്ക്കും യു.ഡി.എഫിനും ദോഷം വരാത്ത ഒരു തീരുമാനം കൈക്കൊള്ളണമെന്നാണ് യു.ഡി.എഫില്‍ ഉയര്‍ന്നു വന്നിട്ടുള്ള അഭിപ്രായം. എന്നാല്‍ മാണി അവധിയെടുക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ശക്തമായി ഉയര്‍ന്നു വരുന്നത്.
റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കലറി