1927 ലെ ഇന്ത്യന്‍ വനനിയമം 1980 ലെ വനസംരക്ഷണ നിയമം 2006 ലെ വനാവകാശനിയമം എന്നീ ശക്തമായ വനനിയമങ്ങള്‍ മാറ്റം വരുത്തുവാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി മഹാസഭ രാജ്ഭവന്‍ പടിക്കല്‍ 28 ന് ഉപവാസസമരം നടത്തുന്നു.
തലമുറകളായി കൈവശംവച്ച് ജീവിച്ചുപോരുന്ന പട്ടികവര്‍ഗ്ഗ ഭൂമി, വനം, പരിസ്ഥിതി, വന്യജീവിസങ്കേതങ്ങള്‍ എന്നിവ കോട്ട വരുത്താതെ സംരക്ഷിക്കപ്പെടണമെന്നതാണ് 2006 ലെ വനാവകാശ നിയമത്തിന്‍റെ പ്രസക്തി. ഈ നിയമമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് പൊളിച്ചെഴുതാന്‍ ശ്രമംനടത്തുന്നത്. ആദിവാസികളുടെ ജീവിതവും വനവും ഇല്ലാതായാലും വേണ്ടില്ല വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വ്യവസായം നടത്താന്‍ സ്ഥലമുണ്ടാക്കി കൊടുക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയം.
നിലവിലെ വനാവകാശ നിയമത്തില്‍ പറഞ്ഞിട്ടുള്ള പട്ടികവര്‍ഗ്ഗ ഭൂമിക്ക് പട്ടയം, തൊഴില്‍, വനവിഭവശേഖരണൺ, ആരാധനാസ്വാതന്ത്ര്യം, അടിസ്ഥാനവികസനം, വികസന ആവശ്യങ്ങള്‍ക്കുള്ള ഭൂമി മാറ്റിയിടുക എന്നിവ നടപ്പിലാക്കിയില്ല. പകരം വനനിയമത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ട് ഏതൊരു വിലയുമില്ലാതെ കൈവശ രേഖ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അടിച്ചേല്‍പ്പിച്ച് കേരളത്തില്‍ സര്‍ക്കാരുകള്‍ വഞ്ചിക്കുകയാണ് ചെയ്തത്.
ഈ സാഹചര്യത്തില്‍ ഒരിക്കല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമം വീണ്ടും കൈയ്യേറ്റക്കാര്‍ക്ക് കൊടുക്കാന്‍ കേന്ദ്രഗവണ്‍മെന്‍റ് ഭേദഗതി വരുത്തുന്നതിനെതിരെ ആദിവാസികളുടെ പൊതുതാല്‍പര്യം പരിഗണിച്ച് ആദിവാസി മഹാസഭ രാജ്ഭവനു മുന്‍പില്‍ ഉപവാസസമരം നടത്തുന്നു. രാവിലെ 10 ന് ആരംഭിക്കുന്ന ഉപവാസസമരം ഗോത്രമഹാസഭ അദ്ധ്യക്ഷ സി.കെ. ജാനു ഉദ്ഘാടനം ചെയ്യുന്നതും വിവിധ പട്ടികവര്‍ഗ്ഗ സംഘടനകള്‍ പങ്കെടുക്കുകയും ചെയ്യുന്നു.