കൊച്ചിയില്‍ ലീ മെറിഡിയന്‍ ഹോട്ടലില്‍ മയക്കുമരുന്നു പാര്‍ട്ടി നടത്തിയതിനു പിടിയിലായ ഡിജെ കോക്കാച്ചി എന്ന മിഥുന്‍ സി. വിലാസ് തന്റെ മയക്കുമരുന്നു ശൃംഖലയിലെ ഇരുപതു സിനിമാക്കാരുടെ പേരുവിവരങ്ങള്‍ പൊലീസിനു നല്കി.
ഇവരില്‍ പ്രമുഖരായ ചില നടീനടന്മാരും സംവിധായകരും ഉള്‍പ്പെടുമെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇവരെ ചോദ്യംചെയ്യാനും വേണ്ടിവന്നാല്‍ കസ്റ്റഡിയില്‍ എടുക്കാനും ഒരുങ്ങുകയാണ് പൊലീസ്.
കൊച്ചിയില്‍ മുന്തിയ ഹോട്ടല്‍ നടത്തുന്ന സിനിമാ നിര്‍മാതാവും ന്യൂജനറേഷന്‍ സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന നടിമാരും പട്ടികയിലുണ്ട്. ഇവരെ ഓരോരുത്തരെയും വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്നു ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഹരിശങ്കര്‍ പറഞ്ഞു.
ന്യൂ ജെന്‍ സിനിമകളില്‍ നിറസാന്നിദ്ധ്യമായ മൂന്നു നടിമാരുമൊത്ത് കോക്കാച്ചി ഗോവയില്‍ ഉല്ലാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. സംശയ നിഴലില്‍ നില്‍ക്കുന്ന നിര്‍മാതാവിന്റെ രണ്ടു ചിത്രങ്ങളില്‍ കോക്കാച്ചി അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഒരെണ്ണത്തിന്റെ ന്യൂ ജനറേഷന്‍ സംവിധായകന്റെ പേരും ലിസ്റ്റിലുണ്ട്. ഇദ്ദേഹത്തെയും പൊലീസ് ചോദ്യം ചെയ്യും.