തെന്നിന്ത്യയിലാകമാനം സൂപ്പര്‍ഹിറ്റായി മാറിയ ഒകെ കണ്മണി എന്ന ചിത്രത്തിന് ശേഷം പ്രമുഖ സംവിധായകനായ മണിരത്‌നം അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പിലേക്ക്. ഈ ചിത്രത്തില്‍ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രം തമിഴ്, തെലുങ്ക് ബോളിവുഡ് താരങ്ങളെ ഉള്‍പ്പെടുത്തി മണിരത്‌നം കഴിഞ്ഞ വര്‍ഷം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന പ്രോജക്ടായിരുന്നു. ഐശ്വര്യയോടൊപ്പം മഹേഷ് ബാബു, നാഗാര്‍ജ്ജുന, ശ്രുതി ഹാസന്‍ എന്നിവരും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്, തെലുങ്ക് ഭാഷയില്‍ ഒരുക്കുന്ന ദ്വിഭാഷാ ചിത്രമായിരിക്കും ഇത്.
മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയും ഐശ്വര്യാ റായിയും ഈ ചിത്രത്തിന്റെ വിവരം സ്ഥിരീകരിച്ചിരുന്നതാണെങ്കിലും ചില കാരണങ്ങളാല്‍ അത് നടന്നില്ല. മണിരത്‌നത്തിന്റെ ചിത്രത്തില്‍ എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാന്‍ തയ്യാറാണെന്ന് ശ്രുതി ഹാസനും പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടക്കാതെ പോയ ഈ ചിത്രം ഇക്കൊല്ലം പൂര്‍ത്തിയാക്കണമെന്നാണ് സംവിധായകന്‍ ശ്രമിക്കുന്നത്.
1997 ല്‍ പുറത്തിറങ്ങിയ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന തമിഴ് ചിത്രത്തിലൂടെ മലയാളത്തിന്റെ വിസ്മയതാരം മോഹന്ഡലാലിന്റെ നായികയാണ് ഐശ്വര്യാ റായി തന്റെ കരിയര്‍ ആരംഭിക്കുന്നത്. അതിന് ശേഷം ഗുരു, രാവണ്‍ എന്നീ ചിത്രങ്ങളിലും ഐശ്വര്യയായിരുന്നു നായിക. അടുത്തിടെ താരം നല്‍കിയ ഒരു അഭിമുഖത്തിലും മണിരത്‌നത്തിനൊപ്പം ഒരു ദ്വിഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നതായി സൂചന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഞാന്‍ മണിരത്‌നത്തിന്റെ സിനിമ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ അത് നടന്നില്ല. ആ ചിത്രം നടന്നിരുന്നെങ്കില്‍ ഇടവേളയ്ക്ക് ശേഷം താന്‍ തിരിച്ചു വരുന്ന ചിത്രമായിരുന്നേനേം അത്. ചില സാങ്കേതികമായ കാരണങ്ങളാലാണ് അന്നത് നടക്കാതിരുന്നത്. അടുത്തിടെ ആ പ്രോജക്ട് വീണ്ടും ചെയ്യുന്നതിനെപ്പറ്റി അദ്ദേഹം എന്നോട് സൂചിപ്പിച്ചിരുന്നു എന്നാണ് ഐശ്വര്യ പറഞ്ഞത്.
അതേ സമയം തന്റെ അടുത്ത ചിത്രത്തെപ്പറ്റി മണിരത്‌നം ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ അദ്ദേഹം ഐശ്വര്യയുമായി നല്ല അടുപ്പം സൂക്ഷിക്കുന്നതിനാല്‍ ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും ആ ചിത്രം നടന്നേക്കാമെന്നാണ് സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇതിനിടെ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ഒകെ കണ്‍മണി 100 കോടിയും കടന്ന് മുന്നേറുകയാണ്. മലയാളികളായ ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും നായികാ നായകന്‍മാരായ ചിത്രത്തില്‍ പ്രകാശ് രാജും ലീലാ സാംസണും ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.