പതിറ്റാണ്ടുകള്‍ ഭാരതജനത സ്വപ്നം കാണുകയും ഇന്ത്യയുടെ സാന്പത്തിക കുതിച്ചുചാട്ടത്തിന് നാന്നി കുറിക്കുന്നതുമായ സ്വപ്ന പദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, യാഥാര്‍ത്ഥ്യമാക്കുവാന്‍ നമ്മുടെ നേതാക്കള്‍ മനസ്സുവച്ചാല്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നു. ആയതിനാല്‍ ഓരോര്‍മ്മപ്പെടുത്തലിനു വേണ്ടി പ്രദേശവാസികളുടെ നേതൃത്വത്തില്‍ തലസ്ഥാനത്തെ വിവിധ സാമൂഹ്യ സാസംകാരിക രാഷ്ട്രീയ സംഘടനകള്‍ ജൂണ്‍ 2 ന് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരു ധര്‍മ്മസമരം സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജാഥയില്‍ മത്സ്യതൊഴിലാളികള്‍, വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ-സാമൂഹ്യ,സാസംക്കാരിക നേതാക്കള്‍ ഒത്തുചേരുന്നു. ഞങ്ങള്‍ ഭാരതമക്കള്‍, ഞങ്ങള്‍ കേരള മക്കള്‍, ഞങ്ങള്‍ തലസ്ഥാനക്കാര്‍ എന്ന മന്ത്രധ്വനികളുയര്‍ത്തി മണ്ണിന്‍റെ മക്കള്‍ രാജവീഥിയില്‍ അണിചേരുന്നു.
നമ്മുടെ കടലും കടല്‍ തീരവും കൈയ്യടക്കി നമ്മുടെ മക്കള്‍ക്ക് ഒരു തൊഴില്‍പോലും നല്‍കാത്ത ചില ടൂറിസ്റ്റ് ലോബികളും രാജ്യാന്തര ചാരന്മാരും കുത്സിത മാര്‍ഗങ്ങളിലൂടെ കൂടുക്കുന്ന കെണിയില്‍ നേതാക്കള്‍ കുടുങ്ങാതിരിക്കാനാണ് ഈ സമരം. തൊഴിലില്ലാത്ത തൊഴില്‍ തേടി പായുന്ന നവതലമുറയുടെ ദീനരോധനങ്ങള്‍ക്ക് വേണ്ടിയാണ് ഈ കര്‍മ്മ സമരം. അലയടിക്കുന്ന കടല്‍തിരമാല പോലെ മനുഷ്യനിലനില്‍പിന്‍റെ ഇരന്പലുകളാണ് ഈ സമരകാഹളം. പതിറ്റാണ്ടുകളും തലമുറ തലമുറകളും സ്വപ്നം കണ്ടുമടുത്തു. ഇനി കാത്തിരിക്കാന്‍ ഞങ്ങളൊരുക്കമല്ല എന്ന താക്കീത് നല്‍കുന്നതിനാണ് ഈ സൂചനാ സമരം. ഒറ്റക്കെട്ടായി രാജ്യത്തിനുവേണ്ടി രാജ്യസ്നേഹികളാകുക, വിഴിഞ്ഞം തുറമുഖ പദ്ധതി ഉടന്‍ സാക്ഷാത്കരിക്കുക, ഭാരതത്തിന്‍റെ ഉത്തംഗമായ മുഖം, കേരളത്തിന്‍റെ വികസന സ്വപ്നം, കൈയ്യെത്തും ദൂരത്ത് എത്തി നില്‍ക്കുന്ന സുവര്‍ണ്ണാവസരം രാജ്യദ്രോഹികളാല്‍ തട്ടിതകരാതിരിക്കാന്‍ ചരിത്രപരമായ രണ്ടാം ദൗത്യം ഈ സമരത്തിലൂടെ ഞങ്ങള്‍ ഏറ്റെടുക്കുന്നു. ആയതിനാല്‍ ഭാവി തലമുറക്കുവേണ്ടി ജൂണ്‍ 2 ന് നടക്കുന്ന പ്രസ്തുത പരിപാടിയില്‍ അണിചേരുവാന്‍ രാജ്യസ്നേഹികളായ എല്ലാ പൗരരേയും സാദരം ക്ഷണിക്കുന്നു. ഭാരതത്തിനു വേണ്ടി കേരളത്തിനു വേണ്ടി നമ്മുടെ തലസ്ഥാനത്തിനു വേണ്ടി നമുക്കു വേണ്ടി വരൂ നമുക്കൊരുമിക്കാം