തിരുവനന്തപുരം – കേരളത്തില്‍ കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റി, വികസനത്തിന് പറ്റിയ പുതിയ നിയമങ്ങള്‍ നിലവില്‍ വരണമെന്ന് ചീഫ് സെക്രട്ടറി ജിജിതോംസണ്‍ പറഞ്ഞു.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്‍റെ കേരളം എങ്ങോട്ട് എന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയില്‍ ചോദ്യം ചെയ്യാന്‍ പരമാവധി സാധിക്കാത്ത രീതിയിലുള്ള പുതിയ നിയമം നിലവില്‍ വന്നാല്‍ വികസന കാര്യത്തില്‍ അമാന്തമുണ്ടാവുകയില്ല. പല പ്രോജക്ടുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം കാലഹരണപ്പെട്ട നിയമങ്ങളാണെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
കൊച്ചിയില്‍ ഗ്യാസ് ലൈന്‍ കൊണ്ടുവരാന്‍ ഇത്രയുംനാള്‍ താമസിച്ചതും ഈ നിയമങ്ങള്‍ മൂലമാണ്. കൊച്ചിക്ക് പുറമേ തൃശൂര്‍, കുട്ടനാട്, കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളില്‍ ഉടന്‍ തന്നെ ഗ്യാസ് പൈപ്പുകള്‍ സ്ഥാപിക്കുന്നതാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലും താമസിയാതെ വ്യാപിക്കുന്നതാണെന്ന് ജിജിതോംസണ്‍ അറിയിച്ചു.
കൊച്ചി പോര്‍ട്ട് തന്നെ ഇപ്പോള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതാണ്ട് 75 കോടി രൂപയാണ് നഷ്ടം. ഈ സ്ഥിതി തുടര്‍ന്നാല്‍ ആ സ്ഥാപനം അടച്ചു പൂട്ടേണ്ടിവരും. എന്നാല്‍ പ്രധാനമന്ത്രി എതിരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇക്കോണമിക് എനര്‍ജി ഉണ്ടായാല്‍ മാത്രമേ വികസനം നടക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് അനന്ത എന്ന പേരില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തലസ്ഥാനത്തെ ഏറ്റവും വലിയ ശാപമായ വെള്ളപ്പൊക്കത്തെ നേരിടുകയെന്നതാണ് അതിന് വേണ്ട നടപടികളും സ്വീകരിച്ചു തുടങ്ങി അദ്ദേഹം തുടര്‍ന്നു. രാജവാഴ്ചക്കാലത്ത് നഗരത്തില്‍ വെള്ളപ്പൊക്കം തടയാന്‍ ഏതാണ്ട് പത്ത് ടാങ്കുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴാണെങ്കില്‍ ഒരു ടാങ്ക് മാത്രമേ അവശേഷിക്കുന്നുള്ളൂ. ഉടന്‍ തന്നെ മറ്റു ടാങ്കുകളും വീണ്ടെടുത്തു ഉപയോഗയോഗ്യമാക്കി വെള്ളപ്പൊക്കത്തെ തടയുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കൂടാതെ തന്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടി പുതിയൊരു തോട് കൂടി നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് വേണ്ടി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഔദ്യോഗികമായി ചീഫ് സെക്രട്ടറി അനുവാദം നല്‍കി കഴിഞ്ഞു. അതേസമയം ട്രെയിന്‍ യാത്രക്കു യാതൊരു തടസ്സവും ഉണ്ടാവുകയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ സംവിധാനങ്ങളോടെ തലസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി പ്രത്യാസ പ്രകടിപ്പിച്ചു. അതുപോലെ നഗരത്തിലെ താമസക്കാര്‍ മഴക്കുഴികള്‍ നിര്‍മ്മിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പുതിയ തിരുവനന്തപുരം കളക്ടര്‍ കൗശികനും, സബ് കളക്ടര്‍ എബ്രഹാമും സന്നിഹിതരായിരുന്നു. പ്രസ്സ് ക്ലബ് പ്രസിഡന്‍റ് പി.പി. ജെയിംസ് സ്വാഗതവും വൈസ് പ്രസിഡന്‍റ് ജഗദീഷ് നന്ദിയും പറഞ്ഞു.