ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്‍റ് അനാഥത്വത്തില്‍ മൂത്രപ്പുരയുടെ മുന്നില്‍ നിന്നും സര്‍വ്വീസ് നടത്തുന്നു.

0

തിരുവനന്തപുരം – കേരളത്തിലെ ഏറ്റവും ഉന്നതമായ പൊതുമേഖലാ സ്ഥാപനമാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍.  വലിയ ആര്‍ഭാടത്തോടെ കൊട്ടിഘോഷിച്ചുകൊണ്ട് പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനവും നടന്നു.  പക്ഷേ ഇപ്പോഴും ബസ്സുകള്‍ പറപ്പെടുന്നത് സ്വകാര്യ മൂത്രപ്പുരയുടെ മുന്നില്‍ നിന്നുമാണ്.

പുതിയ കെട്ടിടത്തില്‍ ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല.  സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന് നബസ്സുകള്‍ സ്ഥലപരിമിതമൂലം കെട്ടിടത്തിന് പുറത്തു നിന്നാണ് സര്‍വ്വീസ് നടത്തുന്നത്.  കെട്ടിട സമുച്ഛയത്തിന്‍റെ ഭാഗികമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തത്.  പുതിയ കെട്ടിടത്തില്‍ ഷോപ്പിംഗ് കോംപ്ലക്സ് പണിഞ്ഞു ലാഭകരമാക്കുമെന്ന് പ്രസ്താവനകള്‍ നടത്തിയാണ് പണിയാരംഭിച്ചത്.  ഉദ്ഘാടനം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും ഒറ്റ കച്ചവടക്കാര്‍പോലും ട്രാന്‍സ്പോര്‍ട്ട് കെട്ടിടത്തില്‍ എത്തിയിട്ടില്ല.  ഇപ്പോഴും പണി പുരോഗമിക്കുന്നുവെന്നാണ് അധികൃതരും മന്ത്രിയും പറയുന്നത്.  എവിടെ എന്തു പണി നടക്കുന്നുവെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.

ദീര്‍ഘദൂര യാത്രക്കാരാണ് ബസ് സ്റ്റാന്‍റിന് അകത്തുകൂടി നെട്ടോട്ടം ഓടുന്നത്.  പഴയ കെട്ടിടത്തില്‍ യാത്രക്കാര്‍ യാത്ര ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.  സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സുഖമായി യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഇന്നാണെങ്കില്‍ സന്ധ്യയായാല്‍ വെളിച്ചവും ഇല്ല, കൂരിരുട്ടാണ്.  വെളിച്ചത്തിന്‍റെ ദൗര്‍ലഭ്യം മൂലം യാത്രക്കാര്‍ ഭയപ്പെട്ടു ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍റിന് പുറത്താണ് ബസ്സ് കാത്തു നില്‍ക്കുന്നത്.  കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാകുന്നതോടെ ചില അപാകതകളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

തന്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ സൗകര്യത്തിനായി റെയില്‍വേ സ്റ്റേഷനില്‍ നിന്നു ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍റിലേക്ക് ഒരു ഫ്ളൈ ഓവര്‍ നിര്‍മ്മിക്കുമെന്ന് ഉയര്‍ത്തിപ്പിടിച്ചുവെങ്കിലും അത് ചുവപ്പുനാടയില്‍ കുരുങ്ങുകയായിരുന്നു വെന്നായിരുന്നു ജനങ്ങള്‍ ചോദിക്കുന്നത്.  പുതിയ ബസ് സ്റ്റാന്‍റിനുള്ളില്‍ പല ഭാഗത്തും മണ്ണു കൂട്ടിയിട്ടിരിക്കുകയും, മലീമസമായി ചവറു കൂനകളും കാണാവുന്നതാണ്. വൃത്തിഹീനമായിട്ടാണ് ബസ് സ്റ്റേഷന്‍റെ പല ഭാഗങ്ങളിലും ഇപ്പോഴും സൂക്ഷിക്കുന്നത്.  അതുപോലെ തന്നെ ദുര്‍ഗന്ധവും വലിച്ചുകൊണ്ടിരിക്കുകയാണ്. ഇവ ശുചീകരിക്കുന്നതിനുള്ള യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ല. ബസ് സ്റ്റാന്‍റിന് അകത്ത് പ്രവേശിച്ചാല്‍ ഒരു ക്ലാസ് വെള്ളം പോലും ലഭ്യമല്ല.  ദീര്‍ഘദൂര യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തിരുന്നാല്‍ ബസ്സില്‍ കരുന്നത്.  പലരും ആഹാരം കഴിക്കുവാന്‍ സ്റ്റാന്‍റില്‍ നിന്നും പുറത്തുപോയാല്‍ മടങ്ങിവരുന്പോള്‍ ബസ്സ് പുറപ്പെട്ടു കഴിഞ്ഞിരിക്കും.  വീണ്ടും ബസ് കാത്ത് നില്‍ക്കേണ്ട ഗതികേടിലാണ്.  യാത്രക്കാരെ സഹായിക്കുവാനായി സെക്യൂരിറ്റി ഗാര്‍ഡുകളുമില്ലെന്ന പരാതിയും നിലവിലുണ്ട്.  യാത്രക്കാര്‍ക്ക് ഇരിക്കുവാനുള്ള ഇരിപ്പിടവും വിരലില്‍ എണ്ണാവുന്നത് മാത്രമേയുള്ളൂ.  സൗജന്യമായി ശുദ്ധജലം നല്‍കുമെന്ന് മുന്‍കൂട്ടി അറിയിച്ചുവെങ്കിലും അതും ലഭ്യമല്ലത്രേ.  ബസ്സുകളെ നിയന്ത്രിക്കുവാനും ആളില്ല.  ഡ്രൈവര്‍മാരുടേയും, കണ്ടക്ടര്‍മാരുടെയും ഇഷ്ടാനുസരണമായിട്ടാണ് സര്‍വ്വീസ് നടത്തുന്നത്.

പല സമയങ്ങളിലും യാത്രക്കാരും ബസ്സിലെ ജീവനക്കാരും തമ്മില്‍ സംഘര്‍ഷവും നിത്യസംഭവമാണ്.  ഇതിനെയൊന്നും നിയന്ത്രിക്കുവാന്‍ ആരും തന്നെ ഇല്ലെന്ന ആക്ഷേപവും ദിനംപ്രതി ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്.  ബസ് സ്റ്റാന്‍റിലെ സൗകര്യങ്ങള്‍ ഇല്ലാത്തതുമൂലമാണ് മൂത്രപ്പുരയുടെ മുന്നിലും, മലിനജലം ഒഴുകുന്ന ഓടയുടെ മുകളിലും ഇരുന്നുകൊണ്ടാണ് സര്‍വ്വീസ് നടത്തുന്നത്.

ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇന്ന് അനാഥമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.  കാരണം ജീവനക്കാര്‍ക്ക് ശന്പളം ലഭിക്കുന്ന കാര്യത്തില്‍ സ്ഥിരതയില്ലാത്തതുകൊണ്ടാണ് ജീവനക്കാരും കൈമലര്‍ത്തി കാണിക്കുന്നത്.  ഇതിനെതിരെ നടപടിയെടുക്കുവാന്‍ സര്‍ക്കാരിനു ഭയമാണ്.  പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നല്‍കാതെ വഴിയാധാരമാക്കിയതാണ് ജീവനക്കാരും സര്‍ക്കാരും തമ്മില്‍ അകല്‍ച്ച തുടങ്ങിയത്.  ഇത് കെട്ടിട നിര്‍മ്മാണത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.  യാത്രക്കാരുടെ അമര്‍ഷം കാണാതെയാണ് അധികൃതര്‍ ഒഴിഞ്ഞു മാറുന്നത്.  എന്നാല്‍ ബസ് സറ്റാന്‍റിന്‍റെ പുരോഗതി ദിനംപ്രതി വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുവാനുള്ള സംവിധാനവും ഇല്ലെന്നാണറിയുന്നത്.  ബസ്സുകള്‍ പലപ്പോഴും അപകടം വരുത്തി വയ്ക്കുന്ന രീതിയിലാണ് സര്‍വ്വീസ് നടത്തുന്നത്.  ഇതിനെയൊന്നും ചോദ്യം ചെയ്യാന്‍ ആരും ഇല്ലെന്ന തോന്നല്‍ ജീവനക്കാര്‍ക്ക് ഉണ്ട്.  അതുകൊണ്ടാണ് തലസ്ഥാനത്തെ ബസ് സ്റ്റേഷന്‍ മൂത്രത്തിന്‍റെ നാറ്റത്തില്‍ അനാഥമായി കിടക്കുന്നത്

റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കല

Share.

About Author

Comments are closed.