പത്രപ്രവർത്തകരുടെ അവയവദാന പദ്ധതിയുടെ ആദ്യഘട്ടമായി തിരുവനന്തപുരത്തെ പ്രസ് ക്ളബ്ബ് ഭാരവാഹികളുടെയും അംഗങ്ങളുടെയും അവയവദാന സമ്മത പത്രം നടൻ സുരേഷ് ഗോപിക്ക് കൈമാറി. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് എൻ. കുമാർ സുരേഷ് ഗോപിയിൽ നിന്ന് സമ്മതപത്രം ഏറ്റുവാങ്ങി.അവയവദാനത്തിലെ കച്ചവടസാദ്ധ്യത ഇല്ലാതാക്കാൻ പ്രസ്ക്ളബ്ബിന്റെ സംരംഭംസഹായകമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നെയ്യാറ്റിൻകരയിലെ ജന്മഗൃഹം ഏറ്റെടുക്കാൻ സഹായിച്ച സുരേഷ് ഗോപിക്കും മുതിർന്ന പത്രപ്രവർത്തകനായ ജി.ശേഖരൻനായർക്കും പ്രസ്ക്ലബ് രൂപീകരിക്കുന്ന സ്വദേശാഭിമാനി ട്രസ്റ്റിൽ അജീവനാന്ത അംഗത്വം നൽകി. പി.പി ജയിംസ് സുരേഷ് ഗോപിയെയും ജി.ശേഖരൻനായരെയും പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി ജയൻമേനോൻ, ജോയിന്റ് സെക്രട്ടറി അനസ്, ഡോ. ശ്രീജിത്ത് എൻ.കുമാർ, ഡോ. എൻ.വാസുദേവൻ, തുടങ്ങിയവർ പ്രസംഗിച്ചു.