ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില് ശുചിമുറികള്: സ്ഥലം കണ്ടെത്തല് ത്വരിതപ്പെടുത്തും

0

എടപ്പാള്‍, കുറ്റിപ്പുറം, വെട്ടിച്ചിറ, ചങ്കുവെട്ടി, കക്കാട് എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യപ്രദമായ ശുചിമുറികള്‍ നിര്‍മിക്കും. ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉചിതമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ ജില്ലാ കലക്ടറുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. പൊതുമരാമത്ത്-ദേശീയപാത അധികൃതരും ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും. എടപ്പാളില്‍ തൃശൂര്‍ റോഡിനോട് ചേര്‍ന്ന ഭാഗത്ത് സ്ഥലം ലഭ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് അപേക്ഷ നല്‍കുന്നതിന് എടപ്പാള്‍ പഞ്ചായത്ത് അധികൃതരോട് നിര്‍ദേശിച്ചു. സ്ഥലം നിര്‍ണയിക്കുന്നതിന് ആവശ്യമായ പരിശോധന പൊതുമരാമത്ത് വകുപ്പ് പൊന്നാനി അസി.എഞ്ചിനീയറും എടപ്പാള്‍-വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്-സെക്രട്ടറിമാരും ചേര്‍ന്ന് നടത്തും. സ്വന്തമായി സ്ഥലം ലഭ്യമാണെന്നും ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രൊജക്ട് സമര്‍പ്പിക്കുന്നതാണെന്നും കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ചങ്കുവെട്ടി ദേശീയപാതയോട് ചേര്‍ന്ന് ഗ്രാമപഞ്ചായത്തുകളുടെയോ സര്‍ക്കാരിന്റെയോ ഭൂമി ലഭ്യമല്ലാത്തതിനാല്‍ സ്ഥലം ലഭ്യമാക്കുന്നതിന് കോട്ടക്കല്‍ നഗരസഭയോടും കോട്ടക്കല്‍ ആര്യവൈദ്യശാലയോടും അഭ്യര്‍ഥിക്കുന്നതിന് തീരുമാനിച്ചു. കക്കാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് സ്ഥലം ലഭ്യമാക്കുന്നതിന് ദേശീയപാത അധികൃതര്‍ക്ക് അപേക്ഷ നല്‍കുന്നതിന് തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് അധികൃതരോട് നിര്‍ദേശിച്ചു. വെട്ടിച്ചിറ ദേശീയപാതയോട് ചേര്‍ന്ന് സൗകര്യപ്രദമായ സ്ഥലം ലഭ്യമാണോ എന്ന് ആതവനാട് ഗ്രാമപഞ്ചായത്ത് പരിശോധിക്കും. ഉചിതമായി സ്ഥലം കണ്ടെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്ഥലം ലഭ്യമാക്കി പ്രൊജക്ട് സമര്‍പ്പിച്ചാല്‍ ജില്ലാ ശുചിത്വ മിഷന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ജില്ലാ കോഡിനേറ്റര്‍ ടി.പി. ഹൈദരലി അറിയിച്ചു. ജലലഭ്യത ഉറപ്പ് വരുത്തുന്നതിന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ മുന്‍കൈ എടുക്കണമെന്നും നിര്‍ദേശിച്ചു.

Share.

About Author

Comments are closed.