തിരുനെല്ലിയില് തേക്ക് പ്ലാന്റേഷന് നിര്ത്തിവെക്കാന് വനംമന്ത്രിയുടെ ഉത്തരവ്

0

തിരുനെല്ലി വനത്തിനുള്ളില്‍ തേക്ക്‌ തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള വനംവകുപ്പിന്റെ നടപടി നിര്‍ത്തിവെക്കാന്‍ വനം-പരിസ്ഥിതി വകുപ്പ്‌ മന്ത്രിയുടെ ഉത്തരവ്‌. ജനരോഷം ശക്തമായതിനെ തുടര്‍ന്ന്‌ തൃശ്ശിലേരി നിവാസികള്‍ പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ്‌ മന്ത്രി പി.കെ. ജയലക്ഷ്‌മി മുഖേന നല്‍കിയ നിവേദനത്തിലാണ്‌ മന്ത്രി ഉത്തരവിട്ടത്‌. പ്രദേശവാസികളായ ജനങ്ങളുടെ സമ്മതമില്ലാതെ തിരുനെല്ലി തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിനുള്ളിലോ വനമേഖലയിലോ തേക്ക്‌ തൈകള്‍ നടാന്‍ പാടില്ല എന്നാണ്‌ വനംപരിസ്ഥിതി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിര്‍ദ്ദേശം നല്‍കിയത്‌്‌. പ്രദേശവാസികളെ പ്രതിനിധീകരിച്ച്‌ പി. ലക്ഷ്‌മണന്‍ മാസ്റ്റര്‍, പി. റഷീദ്‌ എന്നിവര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ നേരില്‍കണ്ട്‌ കാര്യങ്ങള്‍ ധരിപ്പിച്ചു. പ്രദേശത്തെ 20 ഏക്കര്‍ സ്ഥലത്താണ്‌ തേക്ക്‌ തൈകള്‍ വെച്ചുപിടിപ്പിക്കുന്നത്‌. രാജ്യത്തുതന്നെ വന്യമൃഗശല്യം ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ്‌ തിരുനെല്ലി. സ്വാഭാവിക മരങ്ങള്‍ക്കു പകരം തേക്കിന്‍കാട്‌ വളരുന്നതോടെ വന്യമൃഗശല്യം വര്‍ദ്ധിക്കുമെന്നും വരള്‍ച്ച രൂക്ഷമാകുമെന്നും ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു. സംയുക്ത കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇതിനെതിരെ നിരവധി സമരങ്ങള്‍ നടത്തുകയും ജില്ലാ കളക്ടര്‍, വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ തേക്കിന്‍തൈകള്‍ ഇനി നട്ടുപിടിപ്പിക്കില്ലെന്ന്‌ ഉറപ്പ്‌ നല്‍കുകയുംചെയ്‌തിരുന്നു.

Share.

About Author

Comments are closed.