കരിപ്പൂര് വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ വെടിയേറ്റു മരിക്കാനിടയായ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു. കൊലപാതകം, കൊലപാതകശ്രമം എന്നിവ ചുമത്തിയാണ് കേസെടുത്തത്. അഗ്‌നിശമന സേന വിഭാഗത്തിലെ ജീവനക്കാരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് കേസുമായുള്ള ബന്ധം അന്വേഷിച്ചു വരികയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
സംഘര്‍ഷത്തില്‍ പരുക്കേറ്റു ചികില്‍സയിലുള്ളവരും പ്രതികളാകും. പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. വെടിപൊട്ടിയത് സിഐഎസ്എഫ് ജവാന്‍ സീതാറാം ചൗധരിയുടെ തോക്കില്‍ നിന്നാണെന്ന് വിഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്. സിഐഎസ്എഫ് ജവാന്‍ എസ്.എസ്. യാദവ് ആണ് മരിച്ചത്.
പൊലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുക്കും. വെടി പൊട്ടിയ തോക്ക് ബാലിസ്റ്റ് പരിശോധനയ്ക്ക് അയയ്ക്കും. കേന്ദ്ര, സംസ്ഥാന സുരക്ഷാ വിഭാഗം പരിശോധന തുടങ്ങി.