തിങ്കള് മുതല് വെള്ളിവരെ

0

21646_695905

സീരിയലിനെ ജീവിതമാര്‍ഗമാക്കിയ ജയദേവനും സീരിയലിനെ ജീവിതമായിത്തന്നെ കാണുന്ന നാട്ടിന്‍പുറത്തുകാരിയായ പുഷ്പവല്ലിയും ഒന്നിക്കുമ്പോള്‍ പൊട്ടിച്ചിരിക്കു വകയൊരുക്കുന്ന പ്രശ്‌നങ്ങള്‍ സ്വാഭാവികം. ജയദേവനായി ജയറാമും പുഷ്പവല്ലിയായി റിമി ടോമിയും എത്തുന്നു.ടി.വി. അവതാരകയായി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സു കവര്‍ന്ന റിമി ബിഗ് സ്‌ക്രീനിലെത്തുമ്പോഴും പ്രതീക്ഷ നല്‍കുന്നു. പൂര്‍ണമായും സീരിയലിന്റെ പശ്ചാത്തലത്തിലൊരുക്കിയ തിങ്കള്‍ മുതല്‍ വെള്ളി വരെ ഒരു കോമഡി-കുടുംബചിത്രമാണ്. പ്രശസ്ത സീരിയല്‍ താരങ്ങള്‍ അവരായിത്തന്നെ രംഗത്തെത്തുമ്പോള്‍ മലയാളത്തിലെ പല ജനപ്രിയപരമ്പരകളും ചിത്രത്തിന് പശ്ചാത്തലമാകുന്നു. നിലവില്‍ മൂന്നു ഹിറ്റ് പരമ്പരകളാണ് ജയദേവന്റെ രചനയില്‍ കുടുംബപ്രേക്ഷകരുടെ പ്രീതി നേടി ചാനലുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇക്കാലയളവില്‍ തന്നെയാണ് ആത്മസുഹൃത്തുകൂടിയായ സീരിയല്‍ നിര്‍മാതാവ് വിജയാനന്ദുമായി ജയദേവന്‍ അകലുന്നത്. പതിയെ രണ്ടാളുടെയും പോരാട്ടം സീരിയലുകളില്‍ കൂടിയായി. സീരിയല്‍ രംഗത്തെ കിടമത്സരങ്ങളില്‍ക്കൂടിയും തിങ്കള്‍ മുതല്‍ വെള്ളി വരെ കടന്നുപോകുന്നു. വിജയാനന്ദിനെ അവതരിപ്പിക്കുന്നത് അനൂപ് മേനോനാണ്. അഞ്ചാം വയസ്സില്‍ തുടങ്ങി ടി.വി.യിലെ മെഗാസീരിയലിനു മുന്നില്‍ കണ്ണുചിമ്മാതെ ഇരിപ്പുതുടങ്ങിയതാണ് പുഷ്പവല്ലി.

21646_695906

ചിരിയും കണ്ണീരുമായി ഉള്ളില്‍ കുളിര്‍മഴ പൊഴിയിച്ചെത്തിയ കഥാപാത്രങ്ങളൊക്കെ അവള്‍ക്ക് സ്വന്തക്കാരും ചിരപരിചിതരുമായി. ഇവര്‍ക്കൊക്കെ ജന്മം കൊടുത്ത കഥാകൃത്ത് ജയദേവന്‍ ചുങ്കത്തറ അവളുടെ ആരാധ്യപുരുഷനുമായി. സീരിയലുകള്‍ കണ്ട് കണ്ട് പുഷ്പവല്ലിയങ്ങനെ വളര്‍ന്നു. ഇക്കണ്ടകാലത്തിനുള്ളില്‍ എത്രയെത്ര സീരിയലുകള്‍ എപ്പിസോഡ് കണക്കിന് വരികയും അവസാനിക്കുകയും ചെയ്തു.ഒടുവില്‍ വിവാഹപ്രായമെത്തിയപ്പോള്‍ മെഗാസീരിയലിന്റെ അപ്രതീക്ഷിത ട്വിസ്റ്റ് പോലെ പുഷ്പവല്ലി പ്രഖ്യാപിച്ചു, ‘ഞാനൊരാളെ കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ അതു ജയദേവന്‍ ചുങ്കത്തറയെയായിരിക്കും!’ പിന്നെ സംഭവിച്ചത് ചരിത്രം.
ചെറുപ്പം തൊട്ടേ സ്ത്രീകള്‍ സംസാരിക്കുന്നതു കേള്‍ക്കാനും അവരുടെ വിശേഷങ്ങളറിയാനുമായിരുന്നു ജയദേവന് താത്പര്യം. ‘അവിഹിതം’ എന്ന വാക്കു കേട്ടാല്‍ മീന്‍ ഇരകൊത്തുന്നതു പോലെയാണ്. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ വീടിന്റെ മുന്‍വശത്തുകൂടി കയറില്ല. പിന്‍വശത്ത് അടുക്കളപ്പുറത്തെ സ്വകാര്യങ്ങള്‍ കൊഴുക്കുന്നുണ്ടാകും. നാട്ടിലെ അവിഹിത ഗോസിപ്പുകളും ഏഷണികളും അവിടത്തെ വായുവിലങ്ങനെ പാറിക്കളിക്കും. പല ഊടുവഴികള്‍ കടന്ന് കിട്ടിയ കഥകളൊക്കെ ചേര്‍ത്ത് ജയദേവന്‍ സീരിയലിനു കഥയെഴുതാന്‍ തുടങ്ങി. സീരിയല്‍ കണ്ട പെണ്ണുങ്ങള്‍ ജയദേവന്റെ കഥാപാത്രങ്ങള്‍ക്കു വേണ്ടി കണ്ണുനിറച്ചും പരിഭവിച്ചും പൊട്ടിച്ചിരിച്ചും അങ്ങനെയൊക്കെ ചെയ്യാമോ എന്ന് നെഞ്ചത്തു കൈവച്ചു ചോദിച്ചും അതൊക്കെ ആഘോഷിച്ചു. സീരിയല്‍ എന്നു കേട്ടാലേ അലര്‍ജിയായ, പട്ടാളക്കാരനായ അച്ഛന്‍ കണ്ണുരുട്ടിയിട്ടും മീശപിരിച്ചിട്ടും ജയദേവന്‍ എഴുത്തുനിര്‍ത്തിയില്ല. അങ്ങനെ ‘അവിഹിത’കഥകള്‍ എഴുതിയെഴുതി ജയദേവന് പിന്നെ കല്യാണമേ വേണ്ടെന്നായി. അങ്ങനെയിരിക്കെയാണ് പുഷ്പവല്ലി ജയദേവന്റെ ജീവിതത്തിലേയ്ക്ക് വലതുകാല്‍ വെച്ച് കയറിവരുന്നത്. പിന്നെ സംഭവിച്ച രസകരമായ കഥ പറയുന്ന ചിത്രമാണ് ദിനേശ് പള്ളത്താണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. രചന നാരായണന്‍കുട്ടി, ജനാര്‍ദനന്‍, സാജു നവോദയ (പാഷാണം ഷാജി), മണിയന്‍പിള്ള രാജു, ഇടവേള ബാബു, അനൂപ് ചന്ദ്രന്‍, കലിംഗ ശശി, കെ.പി.എ.സി.ലളിത, വിജി ചന്ദ്രശേഖരന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നാദിര്‍ഷയുടെ ഗാനങ്ങള്‍ക്ക് സാനന്ദ് ജോര്‍ജ് ഈണം നല്‍കുന്നു. പ്രദീപ് നായര്‍ ഛായാഗ്രഹണവും വി.പി.ശ്രീജിത്ത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കലാസംവിധാനം: സതീഷ് കൊല്ലം. ചീഫ് അസോ.ഡയറക്ടര്‍: സുരേഷ് ഇളമ്പല്‍. പ്രൊഡ.കണ്‍ട്രോളര്‍: സഞ്ജു വൈക്കം. പ്രൊഡ.എക്‌സിക്യുട്ടീവ്: മനോജ് എന്‍. പ്രൊഡ.മാനേജര്‍: രാജന്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിംലിം കമ്പനി ജൂണ്‍ 12-ന് പ്രദര്‍ശനത്തിനെത്തിക്കുന്നു.

Share.

About Author

Comments are closed.