കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന ജനകീയസമരങ്ങളെ അവഗണിച്ചുകൊണ്ട് അവിടെ ഒരു ആണവപാര്‍ക്ക് സ്ഥാപിക്കാനുളഅള പ്രവര്‍ത്തനങ്ങളുമായി കേന്ദ്രഗവണ്‍മെന്‍റ് അതിവേഗം മുന്നോട്ടു പോവുരകയാണ്. മൂന്നും നാലും റിയാക്ടറുകള്‍ക്കു വേണ്ടി റഷ്യയുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ആണവാപകടമുണ്ടായാല്‍ വിദേശദാതാക്കള്‍ക്ക് 1500 കോടി രൂപയെങ്കിലും നഷ്ടപരിഹാര ബാധ്യത നിര്‍ദ്ദേശിച്ച ആണവ ബാധ്യതാ നിയമം അട്ടിമറിച്ച് അപകടത്തിന്‍റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും അവരെ മുക്തരാക്കിയിരിക്കുന്നു.
ജനങ്ങളുടെ ആശങ്കകളെയും മാധ്യമറിപ്പോര്‍ട്ടുകളേയും സ്ഥിരീകരിക്കുന്ന നിലയിലാണ് കൂടംകുളത്തെ ഒന്നും രണ്ടും റിയാക്ടറുകളുടെ പ്രവര്‍ത്തനം. കമ്മീഷന്‍ ചെയ്ത ഒന്നാം റിയാക്ടര്‍ 18 മാസത്തിനുള്ളില്‍ 24 തവണയാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. ഇപ്പോള്‍ ഒന്നാം റിയാക്ടര്‍ പ്രവര്‍ത്തിക്കുന്നില്ല. റിയാക്ടര്‍ ടെര്‍ബന്‍റെ ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അധികൃത ഭാഷ്യം. ഗുണനിലവാരമില്ലാത്ത റഷ്യന്‍ യന്ത്രഭാഗങ്ങളാണ് നിലയനിര്‍മ്മാണത്തിനുപയോഗിച്ചത് എന്ന വാര്‍ത്തകളെ ശരിവയ്ക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. നാല്പത് കോടി രൂപയുടെ ഡീസല്‍ ഇതിനകം നിലയത്തിലേക്ക് വാങ്ങിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ആണവനിലയം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിച്ച് വൈദ്യുതോല്‍പാദനം നടത്തുകയാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. 2014 ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രഖ്യാപിച്ച രണ്ടാം റിയാക്ടറുകളും സാങ്കേതികത്തകരാറുമൂലം നിശ്ചലമായി.
കൂടംകുളം നിലയത്തിന്‍റെ നിലവിലെ പ്രവര്‍ത്തനത്തെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ഒരു ധവളപത്രമിറക്കണമെന്ന് ആവശ്യപ്പെടാനും 3, 4, 5, 6, റിയാക്ടറുകള്‍ സ്ഥാപിച്ച് പദ്ധതി വിപുലീകരിക്കാനുമുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കാനും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും പൗരസമൂഹവും തയ്യാറാകണം.
ഈ ആവശ്യമുന്നയിച്ച് ജൂണ്‍ 13 ന് രാവിലെ 10 മണി മുതല്‍ നെയ്യാറ്റിന്‍കര ഡോ. ജി.ആര്‍. മെമ്മോറിയല്‍ പബ്ലിക് സ്കൂളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.