അഗ്നിശമന സേനാംഗങ്ങളുടെ റിവോഡ് തുക വര്‍ധിപ്പിക്കും ഫയര്‍ഫോഴ്‌സില്‍ ഈ -ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന്റെ പുതിയ വെബ്‌സൈറ്റ് ഉടന്‍ ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്ന സേനാംഗങ്ങള്‍ക്കുള്ള റിവോര്‍ഡ് തുക വര്‍ധിപ്പിക്കും. ജയില്‍- ഫയര്‍ഫോഴ്‌സ് വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആഭ്യന്തരമന്ത്രിയുടെ ചേമ്പറില്‍ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. അഗ്നിശമന സേനയില്‍ ഫയര്‍മാന്മാരുടെയും ജയില്‍ വകുപ്പിലെ അസി. പ്രിസണ്‍ ഓഫീസര്‍മാരുടെയും ഒഴിവുകള്‍ പിഎസ്‌സിക്ക് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യും. ആധുനിക വത്കരണത്തിന്റെ ഭാഗമായി ഫയര്‍ ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങളിലെ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി അവ പ്രത്യേക നിരീക്ഷണത്തിലാക്കും. ബഹുനില കെട്ടിടങ്ങളുടെ ഫയര്‍ എന്‍ഒസി ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കും. തിരുവനന്തപുരം ചാല, എറണാകുളം ഹൈക്കോടതി ജംഗ്ഷന്‍, കോഴിക്കോട് മിഠായിത്തെരുവ് എന്നിവിടങ്ങളില്‍ സാറ്റ്‌ലൈറ്റ് ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. വിയ്യൂര്‍ ഫയര്‍ അക്കാഡമിയില്‍ സെല്‍ഫ് ഫൈനാന്‍സ് കോഴ്‌സുകള്‍ തുടങ്ങും. സ്‌കൂള്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്ന ജലരക്ഷാ പദ്ധതി എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. വ്യവസായ യൂണിറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവടങ്ങളിലെ ജീവനക്കാര്‍ക്ക് അഗ്നിശമന സേനാപരിശീലനം നല്‍കും. ഉയരം കൂടിയ കെട്ടിടങ്ങളില്‍ സേഫ്റ്റി ഓഡിറ്റിംഗ് നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്ക് 50 മീറ്ററിലധികം ഉയരമുള്ള ഏരിയല്‍ ലാഡര്‍ പ്‌ളാറ്റ് ഫോം വാങ്ങും. അടിയന്തരഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പൊതുജനങ്ങള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ആലപ്പുഴ, പത്തനംതിട്ട ജയിലുകളിലെ നവീകരണവും തൃശൂരിലെ അതീവ സുരക്ഷാ ജയിലിന്റെ പണിയും അടിയന്തരമായി പൂര്‍ത്തിയാക്കും. ജീവപര്യന്തം തടവുകാരുടെ വിടുതല്‍ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടുത്ത കാലത്ത് രണ്ട് തടവുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താനും തീരുമാനിച്ചു. ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോ, ജയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഫയര്‍ ഫോഴ്‌സ് കമാന്‍ഡന്റ് ജനറല്‍ ജേക്കബ് തോമസ് എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
ഫയര്ഫോഴ്സില് ഇ-ഗവേണന്സ് നടപ്പാക്കും: ആഭ്യന്തരമന്ത്രി
0
Share.