സിയാല് ലാഭം 144.58 കോടി ; ലാഭവിഹിതം 21 ശതമാനം

0

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) പതിനേഴാം വര്‍ഷത്തിലും മികച്ച നേട്ടം. 2014-15 സാമ്പത്തിക വര്‍ഷം 413.96 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം 144.58 കോടിയും. 21 ശതമാനമാണ് ലാഭവിഹിതം. കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെയുടെ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ഹജ്ജിനുപോകുന്ന വിമാനങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്നായിരിക്കും പുറപ്പെടുക. ഹജ്ജ് ക്യാമ്പ് കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനാവശ്യമായ ചെലവ് സിയാല്‍ കമ്പനി വഹിക്കുവാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. 25 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. സെപ്റ്റംബര്‍ രണ്ടു മുതലാണ് ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം വരുമാനത്തില്‍ 14.55 ശതമാനവും ലാഭത്തില്‍ 16.25 ശതമാനവും വളര്‍ച്ച സിയാല്‍ രേഖപ്പെടുത്തി. 2013-14-ല്‍ 361.39 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 124.42 കോടി ലാഭവും. 36 രാജ്യങ്ങളില്‍ നിന്നായി പതിനെണ്ണായിരത്തില്‍പ്പരം പേര്‍ക്ക് സിയാലില്‍ നിക്ഷേപമുണ്ട്. 2003-04 മുതല്‍ കമ്പനി തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 18 ശതമാനം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിരുന്നു. നിലവിലെ ബോര്‍ഡ് നിര്‍ദേശം വാര്‍ഷിക പൊതുയോഗം അംഗീകരിച്ചാല്‍ മൊത്തം 153 ശതമാനം ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ കമ്പനിക്ക് കഴിയും. നൂറുകോടി രൂപയുടെ ഓഹരിവിഹിതമുള്ള കേരള സര്‍ക്കാരിന് ഈ വര്‍ഷം ലാഭവിഹിതം ലഭിക്കുമ്പോള്‍ 153 കോടി രൂപ തിരികെക്കിട്ടും. 2000-ലും 2006 ലും 1:1 അനുപാതത്തില്‍ അവകാശ ഓഹരി കമ്പനി വിതരണം ചെയ്തു. നാലിനൊന്ന് എന്ന അനുപാതത്തില്‍ വീണ്ടും അവകാശ ഓഹരി നല്‍കാന്‍ കഴിഞ്ഞ വാര്‍ഷിക പൊതുയോഗം തീരുമാനമെടുത്തിരുന്നു. ഓഗസ്റ്റ് പതിനെട്ടിന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിലാണ് ഈ വര്‍ഷത്തെ പൊതുയോഗം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 64 ലക്ഷത്തിലധികം പേര്‍ കൊച്ചി വിമാനത്താവളത്തിലൂടെ യാത്രചെയ്തു. യാത്രക്കാരുടെ എണ്ണത്തില്‍ 21 ശതമാനമാണ് വളര്‍ച്ചാനിരക്ക്. കമ്പനിയുടെ ആകെ വരുമാനത്തിന്റെ അറുപതു ശതമാനത്തോളം കൊമേഴ്‌സ്യല്‍, ഡ്യൂട്ടി ഫ്രീ തുടങ്ങിയ വ്യോമഗതാഗതേതര മാര്‍ഗത്തിലൂടെയാണ് ലഭിച്ചത്. കാര്‍ഗോ വിഭാഗവും മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 64,935 ടണ്‍ ചരക്കാണ് 2014-15-ല്‍ സിയാല്‍ കാര്‍ഗോ കൈകാര്യം ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.28 ശതമാനം വളര്‍ച്ച. 1050 കോടിരൂപ ചെലവിട്ട് നിര്‍മിക്കുന്ന പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍, ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ജലവൈദ്യുതോല്‍പ്പാദനം എന്നിങ്ങനെ വന്‍കിട പദ്ധതികള്‍ക്ക് സിയാല്‍ തുടക്കം കുറിച്ചിട്ടുണ്ട്. മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.ബാബു, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം.എ.യൂസഫലി, സി.വി.ജേക്കബ്, ഇ.എം.ബാബു, എന്‍.വി.ജോര്‍ജ്, കെ.റോയ് പോള്‍, രമണി ദാമോദരന്‍, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, ഡി.ജി.എം. ലെനി സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share.

About Author

Comments are closed.