ഒ.വി.വിജയന് സ്മാരക സമുച്ചയത്തിന്റെ ഒന്നാംഘട്ട നിര്മ്മാണത്തിന് തുടക്കമായി

0

ഖസാക്കിന്റെ ഇതിഹാസ കഥാകാരന്‍ ഒ.വി.വിജയന്റെ സ്‌മരണകളുറങ്ങുന്ന തസ്രാക്കില്‍ സ്‌മാരക സമുച്ചയത്തിന്റെ ഒന്നാഘട്ടനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ ജനങ്ങള്‍ക്ക്‌ തുറന്നുകൊടുത്ത ഞാറ്റുപുരയുടെ പിന്‍വശത്തായാണ്‌ 3700 സ്‌ക്വയര്‍ ഫീറ്റ്‌ വിസ്‌തീര്‍ണ്ണത്തില്‍ സ്‌മാരക സമുച്ചയം ഒരുങ്ങുന്നത്‌. കോണ്‍ഫറന്‍സ്‌ ഹാളും പോര്‍ട്ടിക്കോയും ടോയ്‌ലെറ്റും ഉള്‍പ്പെടുന്ന ഗ്രൗണ്ട്‌ ഫ്‌ളോറിന്റെ നിര്‍മ്മാണമാണ്‌ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. സമുച്ചയത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി 94 ലക്ഷം രൂപയാണ്‌ ചെലവ്‌ കണക്കാക്കിയിരിക്കുന്നത്‌. രണ്ടു നിലകളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സ്‌മാരക സമുച്ചയത്തിന്‌ രണ്ടരക്കോടി രൂപയാണ്‌ മൊത്തം ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഞാറ്റുപുരയുടെ നിര്‍മ്മാണ ചുമതല വഹിച്ചിരുന്ന മുട്ടിക്കുളങ്ങര ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ്‌ സ്‌മാരക സമുച്ചയത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്‌. ആറുമാസത്തിനകം ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന്‌ ഒ.വി.വിജയന്‍ സ്‌മാരക സമിതിസെക്രട്ടറി കെ. അബ്‌ദുള്‍ അസീസ്‌ അറിയിച്ചു. സ്‌മാരക സമുച്ചയത്തിന്‌ പിന്‍വശത്തായി 40 സെന്ററില്‍ ലൈബ്രറി നിര്‍മ്മിക്കും. ഞാറ്റുപുരയുടെ പ്രവേശന കവാടത്തില്‍ നോവലിനെ ഓര്‍മ്മിപ്പിച്ച്‌ ഖസാക്ക്‌ എന്നെഴുതാനും പളളിക്ക്‌ തൊട്ടടുത്ത്‌ 17 സെന്റിലുളള അറബിക്കുളം താമരക്കുളമായി മാറ്റാനും സംഘാടകര്‍ ലക്ഷ്യമിടുന്നത്‌. നോവലിലെ കഥാപാത്രങ്ങളുടെ ശില്‍പ്പ പ്രവേശനകവാടം മുതല്‍ അറബിക്കുളം വരെയുളള സ്ഥലങ്ങളില്‍ സ്ഥാപിക്കും. കഥാശില്‍പ്പങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്‌. വാഹനങ്ങള്‍ക്ക്‌ കടന്നു പോകാനായി ഞാറ്റുപുരയെയും ലൈബ്രറിയെയും താമരക്കുളത്തെയും ബന്ധിപ്പിച്ച്‌ റോഡ്‌ നിര്‍മ്മിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഫോട്ടോ അടിക്കുറിപ്പ്‌ : ഒ.വി.വിജയന്‍ സ്‌മാരക സമുച്ചയത്തിന്റെ ഒന്നാഘട്ടനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തസ്രാക്കില്‍ ആരംഭിച്ചപ്പോള്‍

Share.

About Author

Comments are closed.