വൃദ്ധജനങ്ങള്‍ക്കും സമൂഹത്തിലെ ഭിന്നശേഷിയുളളവര്‍ക്കും തടസ്സങ്ങള്‍ സൃഷ്ടിക്കാത്ത സംവിധാനങ്ങള്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും ഒരുക്കുവാന്‍ എറണാകുളം ജില്ല പഞ്ചായത്ത് ബാരിയര്‍ ഫ്രീ എറണാകുളം പദ്ധതി നടപ്പിലാക്കും. ലോക വാര്‍ധക്യ അവബോധ ദിനത്തോട് അനുബന്ധിച്ച് ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നമാമി വാര്‍ധക്യ എന്ന പരിപാടിയിലൂടെ ബാരിയര്‍ ഫ്രീ എറണാകുളം ജില്ല പഞ്ചായത്തിന് തുടക്കമായി. മുതിര്‍ന്ന പൗരന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരാനും യാത്രാ സംവിധാനമുള്‍പ്പെടെ എല്ലാ സംവിധാനങ്ങളും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പ്രയാസമില്ലാതെ ഉപയോഗപ്പെടുത്താന്‍ സൗകര്യമൊരുക്കാനും ലക്ഷ്യമിട്ടുള്ള ബാരിയര്‍ ഫ്രീ ജില്ല പഞ്ചായത്ത് മുന്‍ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ഹാളില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നിര്‍മ്മിച്ച റാമ്പിന്റെ ഉദ്ഘാടനം പ്രത്യാശാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജ്ജ് നിര്‍വഹിച്ചു. വാര്‍ധക്യകാല പ്രശ്‌നങ്ങളെക്കുറിച്ച് ഡോ. പ്രവീണ്‍ ജി. പൈ ക്ലാസ്സെടുത്തു. പ്രായമായവരുടെ രോഗലക്ഷണങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഒരു രോഗത്തിന് ആരോഗ്യവാനായ വ്യക്തിയുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നമായ ലക്ഷണങ്ങളാണ് വൃദ്ധരായവരുടെ കാര്യങ്ങളില്‍ സംഭവിക്കുന്നതെന്ന് വ്യക്തമാക്കി. ഇത് ഫലപ്രദമായി തിരിച്ചറിയാന്‍ പലപ്പോഴും ഡോക്ടര്‍മാര്‍ പോലും പരാജയപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന ബാരിയര്‍ ഫ്രീ എറണാകുളം പദ്ധതിയുടെ ഭാഗമായി അവശത അനുഭവിക്കുന്നവര്‍ക്ക് സഹായകരമായ രീതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രസിഡന്റ് എല്‍ദോസ് പി. കുന്നപ്പിള്ളില്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ്, ക്ഷേമകാര്യ സ്ഥിരം സമിതി അംഗം വത്സ കൊച്ചുകുഞ്ഞ് സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാവ് മാസ്റ്റര്‍ ആല്‍ബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. |
വാര്ധക്യകാല പ്രശ്നങ്ങളില് സമൂഹ മനസ്സാക്ഷിയെ ബോധവത്കരിച്ച് എറണാകുളം ജില്ല പഞ്ചായത്ത്
0
Share.