വ്യാവസായിക നഗരമായ കൊച്ചിയുടെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് റൂട്ടുകളില്‍ ഡെമു (ഡീസല്‍-ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനമായി. ഡെമു സര്‍വീസിന്റെ ഉദ്ഘാടനം 21 ന് ഞായറാഴ്ച കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിര്‍വഹിക്കും. 22 ന് തിങ്കളാഴ്ച പദ്ധതി കമ്മിഷന്‍ ചെയ്യും. എറണാകുളം ജില്ലയിലെ റെയില്‍വേ വികസനം സംബന്ധിച്ച് റെയില്‍വെ ചുമതലയുള്ള ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എറണാകുളം-തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ-ആലുവ, ആലുവ-എറണാകുളം, എറണാകുളം-അങ്കമാലി, അങ്കമാലി-പിറവം, പിറവം-എറണാകുളം, ആലുവ-പിറവം എന്നീ റൂട്ടുകളിലാണ് സര്‍വീസ് നടത്തുക. രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒന്‍പത് മണിവരെ സര്‍വീസ് ഉണ്ടായിരിക്കും. തിരുനെട്ടൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് ടെണ്ടര്‍ ആയിക്കഴിഞ്ഞു. സംസ്ഥാന വിഹിതമായി ഒന്‍പത് കോടി രൂപയും എം.പി.ഫണ്ടായി മൂന്ന് കോടി രൂപയുമാണ് ഇതിന് ചെലവഴിക്കുന്നത്. വാത്തുരുത്തിയിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജ് പ്ലാന്‍ അംഗീകരിച്ചു. നേവി, പോര്‍ട്ട് ട്രസ്റ്റ് എന്നിവയുടെ ക്ലിയറന്‍സ് ലഭിച്ചു. പച്ചാളത്ത് ഓവര്‍ബ്രിഡ്ജ് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ പഴയ റെയില്‍വേ സ്റ്റേഷന്‍ പൈതൃകമായി നിലനിര്‍ത്തി കമ്മിഷന്‍ ചെയ്യും. 2014 ഒക്ടോബര്‍ 30 ന് ഭരണാനുമതി നല്‍കിയതു പ്രകാരം തൃശൂര്‍, എറണാകുളം നോര്‍ത്ത് – സൗത്ത്, കോട്ടയം, കോഴിക്കോട് എന്നീ റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിന് രണ്ട് കോടി രൂപ വീതം അനുവദിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രി കെ.ബാബു, കെ.വി.തോമസ് എം.പി, എം.എല്‍.എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍, കൊച്ചി മേയര്‍ ടോണി ചമ്മിണി, പോര്‍ട്ട് ട്രസ്റ്റ്, നേവി എന്നിവയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എറണാകുളത്ത് ഡെമു സര്‍വീസ് 21 മുതല്‍
0
Share.