സഹകരിക്കാത്ത ബാങ്കുകളെ പ്രവാസികള് ബഹിഷ്ക്കരിക്കാനിടയാകും

0

പ്രവാസി നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സംസ്ഥാനത്തെ ബാങ്കുകള്‍ പ്രവാസി ക്ഷേമപദ്ധതികളുമായി സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അത്തരം ബാങ്കുകളെ ബഹിഷ്‌ക്കരിക്കാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാകുമെന്ന് മന്ത്രി കെ.സി.ജോസഫ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസികളുടെ നിക്ഷേപം ഒരു ലക്ഷം കോടി കഴിയുമെന്നാണ് സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മിറ്റി പ്രസിദ്ധീകരിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി പുനരധിവാസ പദ്ധതിയുമായി സഹകരിക്കാന്‍ ഭാഗികമായെങ്കിലും തയാറായിട്ടുള്ളത് രണ്ട് ബാങ്കുകള്‍ മാത്രമാണ്. മറ്റ് ബാങ്കുകള്‍ ഈ പദ്ധതിയുമായി മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങി വന്ന പ്രവാസികള്‍ക്ക് സമഗ്രമായ പുനരധിവാസ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇരുപത് ലക്ഷം രൂപ വരെയുള്ള ചെറുകിട വ്യവസായ സംരംഭകര്‍ക്ക് പതിനഞ്ച് ശതമാനം മൂലധന സബ്‌സിഡിയും മൂന്ന് ശതമാനം പലിശയിളവും എല്ലാ വായ്പകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ചിട്ടും കാനറാ ബാങ്കും യൂണിയന്‍ ബാങ്കും ഒഴികെയുള്ള ബാങ്കുകള്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല. ഈ നിലപാട് തിരുത്തുവാന്‍ ബാങ്കുകള്‍ തയ്യാറാകണം. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ നല്‍കാന്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഒഴിവാക്കി ഉദാരമായ സമീപനം സ്വീകരിക്കാന്‍ ബാങ്കുള്‍ തയാറാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Share.

About Author

Comments are closed.