ഓപ്പറേഷന് മൂണ്ഷൈന്: ജില്ലയില് എക്സൈസ് പരിശോധന ഊര്ജിതം

0

ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാര്‍ ഹോട്ടലുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ അനധികൃത ലഹരി ഉല്‍പ്പാദനവും വിപണനവും തടയുന്നതിനായി എക്‌സൈസ് നടത്തുന്ന ഓപ്പറേഷന്‍ മൂണ്‍ഷൈന്‍ ജില്ലയില്‍ മുന്നേറുന്നു. ജൂണ്‍ 15 മുതല്‍ മുതല്‍ ജൂണ്‍ 21 വരെ നടത്തിയ പരിശോധനയില്‍ 25 അബ്കാരി കേസ്സുകളും അഞ്ച് എന്‍.സി.പി.എസ് കേസ്സുകളും 198 കോട്പ കേസ്സുകളും രജിസ്റ്റര്‍ ചെയ്തു. 104.850 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 391 ലിറ്റര്‍ കള്ള്, 111 ഗ്രാം കഞ്ചാവ് 45 ആംപ്യൂള്‍ ബ്രൂഫിനോര്‍ഫിന്‍(ടിഡിജെസിക്) എന്നിവ പിടിച്ചെടുത്തു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്ന കടവന്ത്ര ഉദയാ കോളനിയിലെ രാധാകൃഷ്ണന്‍ (38) അറസ്റ്റിലായി ആംപ്യൂളുകളിലെ ലേബല്‍ അടര്‍ത്തിമാറ്റി ബക്കറ്റില്‍ വെള്ളത്തില്‍ സൂക്ഷിച്ചു വെച്ചാണ് വില്പന നടത്തിയിരുന്നത്. കഞ്ചാവ് വില്പന നടത്തിയ സുമേഷ് (31), ബിവിന്‍ (26), ശരത്, അനുരാജ്, മുസ്തഫ, ബാദുഷ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ പിടിയിലായി. ജൂണ്‍ 19-ന് നടത്തിയ ഓപ്പറേഷന്‍ ‘യുവ’യില്‍ ജില്ലയിലെ കോളേജ് സ്‌കൂള്‍ പരിസരങ്ങളിലെ മാത്രം റെയ്ഡില്‍ പുകയില വിരുദ്ധ നിയമം പ്രകാരം 148 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 21ന് ഓപ്പറേഷന്‍ ‘ഗാംബ്‌ളര്‍’-ന്റെ ഭാഗമായി ജില്ലയിലെ നിരവധി ക്‌ളബ്ബുകളില്‍ നടത്തിയ റെയിഡില്‍ ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് വെണ്ണലയിലെ സെഞ്ച്വറി ക്‌ളബ്ബിന്റെ ലൈസന്‍സിയ്ക്കും, ബാര്‍മാനുമെതിരെ കേസെടുത്തു. ഏലൂര്‍ ഉദ്യോഗ് മണ്ഡലില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസേഴ്‌സ് ക്ലബ്ബിലെ രണ്ട് പേര്‍ അറസ്റ്റിലായി.

Share.

About Author

Comments are closed.