കാഴ്ചയില്ലാത്തവര്ക്ക് പുസ്തകങ്ങള്‍ വായിക്കാനുള്ള സാഹചര്യമൊരുക്കി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളിലുള്ളവര്‍ക്ക് ശബ്ദം സമാഹരിക്കുന്നു. കഥകളും ലേഖനങ്ങളും കവിതകളും നാടകങ്ങളും വായിച്ച് പ്രായഭേദമെന്യേ ആര്‍ക്കും സംരംഭത്തില്‍ പങ്കാളികളാവും. കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടപ്പാക്കിയ ഡിജിറ്റലി ആക്‌സസബ്ള്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം(ഡെയ്‌സി) ബുക്ക് പ്രൊജക്ടിന്റെ ഭാഗമായാണ് ശബ്ദം സമാഹരിക്കുന്നത്. സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കിടയില്‍ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തി കേരളത്തില്‍ സാക്ഷരതാ-ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട പി.എന്‍. പണിക്കരുടെ സ്മരണാര്‍ഥം ജൂണ്‍ 19 മുതല്‍ 25 വരെ നടത്തുന്ന വായനാവാരാചരണത്തോടനുബന്ധിച്ചാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ശബ്ദം സമാഹരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി വിവിധ മേഖലകളിലുള്ളവരുടെ ശബ്ദം സമാഹരിച്ച് ഫെഡറേഷന് കൈമാറും. വോയ്‌സ് ബാങ്കിന്റെ ജില്ലാതല ഉദ്ഘാടനം ഐ.ടി@സ്‌കൂള്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2015-16 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍ ടോക്ക് സ്റ്റുഡിയോയും കാഴ്ചയില്ലാത്തവരുടെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച മറ്റ് പദ്ധതികളും ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഡെയ്‌സി ടോക്ക് റിക്കോഡറില്‍ ശബ്ദം റിക്കോഡ് ചെയ്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, അംഗം ഉമ്മര്‍ അറക്കല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ, ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സുധീര്‍, അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. വോയ്‌സ് ബാങ്കിലേയ്ക്ക് നേരത്തെ കഥകളും ലേഖനങ്ങളും വായിച്ച് നല്‍കിയ വീമ്പൂര്‍ യു.പി. സ്‌കൂളിലെ 10 കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിദ്യാര്‍ഥികളുടെ ശബ്ദം ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എം.എസ്.പി. ഹൈസ്‌കൂള്‍ എന്നിവര്‍ക്ക് പ്രോത്സാഹന സര്‍ട്ടിഫിക്കറ്റും കൈമാറി. പരിപാടിയോടനുബന്ധിച്ച് പി.എന്‍. പണിക്കരെക്കുറിച്ച് ഡോക്യൂമെന്ററി ‘വായനയുടെ വളര്‍ത്തച്ഛന്‍’ പ്രദര്‍ശിപ്പിച്ചു. ശബ്ദ ശേഖരം എങ്ങനെ കൈമാറാം വിജ്ഞാനപ്രദമായ കഥകളോ, കവിതകളോ, ഒരു സംഘമായി ചേര്‍ന്ന് നാടകമോ, ഡിക്ഷനറിയിലെ വിവരങ്ങളോ എന്ത് വേണമെങ്കിലും അക്ഷരസ്ഫുടതയോടെ വായിച്ച് കംപ്യൂട്ടറിലോ, മൊബൈലിലോ റിക്കോഡ് ചെയ്യാം. ഇത് സി.ഡി.യിലാക്കി കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്, വഞ്ചിയൂര്‍(പി.ഒ), തിരുവനന്തപുരം വിലാസത്തില്‍ അയയ്ക്കണം. ഇത് കാഴ്ചയില്ലാത്തവര്‍ക്ക് മനസിലാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് പ്രത്യേക ഫയലാക്കി daisy.org സൈറ്റില്‍ ലഭ്യമാക്കും. കെ.എഫ്.ബി. യിലെ അംഗങ്ങളെ ഇത്തരം വിവരങ്ങള്‍ അറിയിക്കാനും ഫെഡറേഷന് സംവിധാനവുമുണ്ട്. റിക്കാഡിങുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 9447417117, 9846057636, 9497594477 നമ്പറുകളില്‍ ബന്ധപ്പെടാം. kfbyouthforum@gmail.com