തിരുവനന്തപുരം – പേരാന്പ്ര വെല്‍ഫെയര്‍ ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളിലെ പിഞ്ചുകുഞ്ഞുങ്ങളോടു കാണിക്കുന്ന നീചമായ ജാതിപീഡനം സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് സാംബവ മഹാസഭ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
പേരാന്പ്ര – ചേര്‍മല പട്ടികജാതി കോളനി നിവാസികളായ സാംബവ (പറയ) കുടുംബത്തിലെ 11 കുരുന്നുകള്‍ പഠിക്കുന്ന ഈ സ്കൂളില്‍ മറ്റു സമുദായത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതിന് രക്ഷകര്‍ത്താക്കള്‍ തയ്യാറാകുന്നില്ല. തൊട്ടടുത്ത ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പഠിക്കുന്ന കുട്ടികളോടും ഈ ജാതി വിവേചനം കാണിക്കുന്നു. ഏറ്റവും പിന്‍വശത്തെ ബഞ്ചുകളിലാണ് കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന ഉച്ചനീചത്വങ്ങളുടെ നേര്‍ക്കാഴ്ചയാണ് പേരാന്പ്രയില്‍ കാണുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ ജോലി ചെയ്യുന്ന പട്ടികജാതി വനിതകളെ വേര്‍തിരിച്ച് പ്രത്യേക യൂണിറ്റുകളാക്കി ജാതി വിവേചനം കാണിച്ചു വരുന്നു.
അടിയന്തിരമായി ഈ വിഷയത്തില്‍ പ്രാദേശിക ഭരണകൂടവും സംസ്ഥാന സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാംബവ മഹാസഭ ജൂലൈ 15 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സമരപരിപാടി നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ച കാര്യം നേതാക്കള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ കെ.കെ. സോമന്‍ (പ്രസിഡന്‍റ്), കോന്നിയൂര്‍ പി.കെ. (ജനറല്‍ സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.