പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, മിനിമം 30 ശതമാനം ആനുകുല്യം ഉറപ്പാക്കി 2014 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശന്പള പരിഷ്കരണം നടപ്പിലാക്കുക, അധ്യാപക – വിദ്യാര്‍ത്ഥി അനുപാതം 1-30, 1-35 കണക്കാക്കി തസ്തിക സൃഷ്ടിച്ച് ജോലി സംരക്ഷണം ഉറപ്പാക്കുക, പാഠപുസ്തകവിതരണം അടിയന്തിരമായി പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ.എസ്.ടി.എ.യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങളിലുമാണ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
പാഠപുസ്തകം എന്ന് കിട്ടുമെന്ന് പറയാന്‍ ഇപ്പോഴും സര്‍ക്കാരിന് കഴിയുന്നില്ല. ആദ്യം കെ.ബി.പി.എസിനെയും പിന്നീട് സര്‍ക്കാര്‍ പ്രസ്സുകളേയും അച്ചടി ഏല്‍പ്പിച്ചെങ്കിലും പ്രിന്‍റ് ഓര്‍ഡര്‍ വൈകി നല്‍കിയതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അവര്‍ക്ക് അച്ചടി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു അവസ്ഥ ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ട് സ്വകാര്യ പ്രസുകള്‍ക്ക് കരാര്‍ നല്‍കാനായിരുന്നു ആലോചന. 64 പേജുള്ള ഒരു പാഠപുസ്തകം 2.24 രൂപയ്ക്ക് കെ.ബി.പി.എസില്‍ അച്ചടിക്കാന്‍ കഴിയുന്പോള്‍ 19.60 രൂപയ്ക് സ്വകാര്യ പ്രസ്സില്‍ അച്ചടിക്കാന്‍ തീരുമാനിച്ചത് വന്പിച്ച അഴിമതി മോഹമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ നയിച്ചത്.
എസ്.എസ്.എല്‍.സി. പരീക്ഷയുടെ തുടക്കം മുതല്‍ തന്നെ വിദ്യാഭ്യാസ മന്ത്രിയുടെ അനാവശ്യമായ ഇടപെടലുകള്‍ കേരളം കണ്ടതാണ്. പരീക്ഷാഫലപ്രഖ്യാപനം വരെ അത് നീണ്ടു. കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസത്തെ പരസ്യമായി അവഹേളിക്കുന്ന തരത്തിലാണ് ഫലപ്രഖ്യാപനം നടന്നത്. പൊതുവിദ്യാഭ്യാസ മേഖലയെ അപകീര്‍ത്തിപ്പെടുത്തുക എന്ന സര്‍ക്കാരിന്‍റെ ഗൂഢലക്ഷ്യമാമ് ഇതിലൂടെ പുറത്തുവന്നത്.
ഉച്ചഭക്ഷണപരിപാടി, അധ്യാപകരുടെയും നല്ലവരായ രക്ഷകര്‍ത്താക്കളുടെയും അധ്വാനംകൊണ്ടും സഹായം കൊണ്ടും മാത്രമാണ് നടന്നുപോകുന്നത്. സ്കൂള്‍ തുറന്ന് ഒരു മാസമായിട്ടും ഉച്ചഭക്ഷണ ചെലവിനാവശ്യമായ തുക സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ആയിരക്കണക്കിന് രൂപ പ്രഥമാദ്ധ്യാപകര്‍ സ്വന്തം കയ്യില്‍ നിന്നുമെടുത്താണ് ഉച്ചഭക്ഷണ പരിപാടി നടത്തുന്നത്.
സൗജന്യ യൂണിഫോം സ്വകാര്യ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കുകൂടി നല്‍കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ നടന്നിട്ടില്ല.
അധ്യാപകരുടേയും ജീവനക്കാരുടേയും ശന്പളപരിഷ്കരണ നടപടികള്‍ പരമാവധി നീട്ടിക്കൊണ്ടുപോകാനും ഇല്ലാതാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കമ്മീഷന്‍റെ കാലാവധി മൂന്നുതവണ ദീര്‍ഘിപ്പിച്ചു നല്‍കി. ജൂണ്‍ 30 ന് ആ കാലാവധിയും അവസാനിച്ചു.
അധ്യാപകരുടെ ജോലി സംരക്ഷണം ഏറ്റവും ഗൗരവപ്പെട്ട കാര്യമാണ്. ഏതാണ്ട് 21000 അധ്യാപകര്‍ തസ്തിക ഇല്ലാത്തവരായി മാറിയിരിക്കുന്നു. ഇത്രയും അധ്യാപകരെ സംരക്ഷിക്കണമെങ്കില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുനര്‍നിര്‍ണ്ണയിക്കണം. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം നിര്‍ദ്ദേശിക്കുന്ന അനുപാതം വാഗ്ദത്തം നല്‍കിയ സര്‍ക്കാര്‍, മറ്റെല്ലാ വിഷയത്തിലുമെന്നപോലെ ഇവിടെയും പിറകോട്ട് പോവുകയാണ്.
സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുകുമാരന്‍, ജനറല്‍ സെക്രട്ടറി കെ.സി. ഹരികൃഷ്ണന്‍,ജില്ലാ സെക്രട്ടറി കെ. റജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.