പത്തേമാരിയുടെ റിലീസ് കോടതി തടഞ്ഞു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. സിനിമയുടെ കഥ തന്റേതാണെന്ന് ആരോപിച്ച് മൊയ്‌തൂട്ടി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സ്വപ്‌നഗേഹം എന്ന തന്റെ കഥ മോഷ്‌ടിച്ചാണ് സലീം അഹമ്മദ് സിനിമയാക്കിയതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ അര നൂറ്റാണ്ട് കാലത്തെ കഥ പറയുന്ന പത്തേമാരി, കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സലീം അഹമ്മദും ഒന്നിക്കുന്ന ചിത്രമാണ്. മിനിസ്‌ക്രീനില്‍ നിന്നെത്തിയ ജ്യുവല്‍ മേരി ആദ്യമായി നായികയാകുന്ന പത്തേമാരിയില്‍ ശ്രീനിവാസന്‍, സിദ്ദിഖ്, സലിം കുമാര്‍ ജോയ് മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍. മധു അമ്പാട്ട് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ശബ്‌ദലേഖനം നിര്‍വഹിച്ചത് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.