ഹോട്ടലുകളില് ഭക്ഷണസാധനങ്ങളുടെ വില ഏകീകരിക്കാന് സര്ക്കാര് നടപടി തുടങ്ങി. ഇതിനുള്ള നിയമനിര്‍മാണത്തിനായി കരട് ബില്‍ തയ്യാറാക്കി. നിയമവകുപ്പിന്റെ അന്തിമ പരിഗണനയിലാണ് ബില്ല്. ഹോട്ടലുടമകളുമായി അഭിപ്രായസമന്വയമുണ്ടാക്കിയ ശേഷമേ ബില്‍ സഭയില്‍ അവതരിപ്പിക്കുകയുള്ളൂ. ഹോട്ടലുടമകളും അസോസിയേഷന്‍ പ്രതിനിധികളും മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകും ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കണോയെന്ന കാര്യത്തില്‍ തീരുമാനിക്കുക. സംസ്ഥാന സിവില്‍ സപ്ലൈസ് കമ്മീഷ്ണറെ വിലനിര്‍ണയത്തിന്റെ അപ്പലറ്റ് അതോറിറ്റിയായി നിശ്ചയിച്ചാണ് കരട് ബില്‍ തയ്യാറാക്കിയതെന്നാണ് സൂചന. സര്‍ക്കാരിന്റെ നിലപാടനുസരിച്ച് വിലയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക കമ്മീഷണറായിരിക്കും. ഓരോ ജില്ലയിലും പ്രത്യേക സമിതികള്‍ രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്.
കളക്ടറുടെ നേതൃത്വത്തിലുള്ളതാകും സമിതി. ഇതില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍, തഹസില്‍ദാര്‍, ഹോട്ടല്‍ ഉടമകളുടെ പ്രതിനിധി എന്നിവരുണ്ടാകും. ഓരോ ജില്ലയുടെ സാഹചര്യം വിലയിരുത്തി വിലനിര്‍ണയിക്കാനുള്ള അധികാരം ഈ സമിതിക്ക് നല്‍കുമെന്നാണ് സൂചന. സിവില്‍ സപ്ലൈസ് വകുപ്പില്‍നിന്നുള്ള ശുപാര്‍ശ അനുസരിച്ചാണ് നിയമവകുപ്പ് കരട് ബില്ലിന് രൂപം നല്‍കിയിട്ടുള്ളത്.
നിലവില്‍ ഹോട്ടലുകള്‍ സ്വന്തം നിലയ്ക്കാണ് ഭക്ഷണസാധനങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത്. ഈ രീതിയില്‍ മാറ്റം വരുത്തണമെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ പ്രധാന ശുപാര്‍ശ. എല്ലാ ഹോട്ടലുകള്‍ക്കും ഓരേവില ബാധകമാക്കാനും കഴിയില്ല. അതിനാല്‍, ഹോട്ടലുകളുടെ സൗകര്യങ്ങളും നിലവാരവും അനുസരിച്ചാകും വില നിശ്ചയിക്കുക. നഗരഗ്രാമ പരിഗണനയുമുണ്ടാകും. ഇക്കാര്യങ്ങള്‍ ജില്ലാതല സമതി വിലയിരുത്തും. നിശ്ചയിച്ചവിലയില്‍ മാറ്റംവരുത്താന്‍ ഹോട്ടലുകള്‍ക്ക് അധികാരമുണ്ടാകില്ല. അമിതവില ഈടാക്കിയാല്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനാകും. ആരാണ് പരാതി കേള്‍ക്കേണ്ടതെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുമെന്നാണ് സൂചന. വിപണിയില്‍ സാധനങ്ങളുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഏകീകൃത വിലനിര്‍ണയത്തിന് തടസ്സമാകുമെന്നാണ് ഒരുവിഭാഗം വ്യാപാരികള്‍ പറയുന്നത്. പ്രത്യകിച്ച് ഇറച്ചി, മീന്‍ എന്നിവയുടെ കാര്യത്തിലാണ് തര്‍ക്കമുള്ളത്. ഇവയുടെ വിലയില്‍ ഓരോദിവസവും മാറ്റംവരുമെന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം, ഇറച്ചി, മീന്‍ എന്നിവയ്ക്കാണ് ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന് കിട്ടിയ പരാതികളിലേറെയും.
ഓരേ നിലവാരത്തിലുള്ള പല ഹോട്ടലുകളിലും പലവിലയാണ് ഇതിന് ഈടാക്കുന്നത്. വിപണിയില്‍ വിലമാറിക്കൊണ്ടിരുക്കുന്നതിനാല്‍ പരമാവധിവിലയാണ് ഹോട്ടലുകളില്‍ ഇവയ്ക്ക് നിശ്ചയ്ക്കുക. മത്സ്യത്തിന്റെ വില മാര്‍ക്കറ്റില്‍ കുറഞ്ഞാലും ഹോട്ടലുകളില്‍ കാര്യമായി കുറയ്ക്കാറില്ല. ഇത്തരം ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ എങ്ങനെ വിലനിശ്ചയിക്കണമെന്നതിലാണ് വ്യാപാരികളുമായുള്ള ചര്‍ച്ചയില്‍ ധാരണയിലെത്താനുള്ളത്.