ബി ഒ ടി അടിസ്ഥാനത്തില്‍ പണി കഴിപ്പിച്ച സൗദിയിലെ ആദ്യ വിമാനത്താവളം സൗദി രാജാവ് സല്‍മാന്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചു. അത്യാധുനിക സംവിധാനത്തില്‍ പുതുതായി നിര്‍മ്മിച്ച മദീന അന്താരാഷ്ട്ര വിമാനത്താവളത്തിന് അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എന്നാണ് പേരിട്ടിരിക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത് ലീഡ് സര്‍ട്ടിഫിക്കേറ്റ് (പരിസ്ഥിതി സൗഹ്യദ കെട്ടിട നിര്‍മ്മാണത്തിനു ലഭിക്കുന്ന സര്‍ട്ടിഫിക്കേറ്റ്) നേടുന്ന ആദ്യ വിമാനത്താവളമായി മാറിയിരിക്കുകയാണ് മദീനയിലെ പുതിയ വിമാനത്താവളം. പ്രതിവര്‍ഷം 40 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ ഏതാണ്ട് നാലു ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തിന്റെ ഭാഗമായി മദീന സന്ദര്‍ശിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് പുതിയ വിമാനത്താവളം ഏറെ പ്രയോജനം ചെയ്യും. മേഖലയുടെ സാമ്പത്തീക പുരോഗതിക്ക് പുതിയ വിമാനത്താവളം ഏറെ പ്രയോജനം ചെയ്യുമെന്ന് സിവില്‍ ഏവിയേഷന്‍ മേധാവി അവകാശപ്പെട്ടു. ഉദ്ഘാടനത്തിനു ശേഷം വിമാനത്താവളം ചുറ്റിക്കറങ്ങി കണ്ട രാജാവിന് വിമാനത്താവളത്തിലെ സൗകര്യങ്ങളെ കുറിച്ചും സംവിധാനങ്ങളെ കുറിച്ചും സിവില്‍ ഏവിയേഷന്‍ മേധാവി വിവരിച്ചു നല്‍കി. യാത്രക്കാര്‍ക്ക് 72 കൗണ്ടറുകളും ബാഗേജുകള്‍ക്കായി 8 കൗണ്ടറുകളും 24 സെല്‍ഫ് സര്‍വ്വീസ് കൗണ്ടറുകളും 26 എമിഗ്രേഷന്‍ കൗണ്ടറുകളുമടക്കം വിപുലമായ രീതിയിലാണ് വിമാനത്താവളം പണി കഴിപ്പിച്ചിരിക്കുന്നത്.