മേനോന്റെ പുതിയ നായിക ദക്ഷിണ

0

ദക്ഷിണ’ നൽകാൻ ഒരുങ്ങുകയാണ് ബാലചന്ദ്രമേനോൻ. ബാലചന്ദ്രമേനോനെ തലയെടുപ്പുള്ള സംവിധായകനാക്കി മാറ്റിയ മലയാള സിനിമയ്ക്കും കുടുംബപ്രേക്ഷകർക്കുമാണ് ഇൗ ദക്ഷിണ സ്വീകരിക്കാൻ അവകാശം.ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോൻ ഒരുക്കുന്ന ‘ഞാൻ സംവിധാനം ചെയ്യും’ എന്ന പുതിയ ചിത്രത്തിലൂടെ ആണ് മേനോൻ ദക്ഷിണ സമർപ്പിക്കുന്നത്. ശോഭന, കാർത്തിക, പാർവതി, ആനി തുടങ്ങി മലയാളികൾ എക്കാലത്തും ഇഷ്ടപ്പെടുന്ന അനേകം നായികമാരെ സിനിമയിൽ പരിചയപ്പെടുത്തിയ ബാലചന്ദ്രമേനോന്റെ ഏറ്റവും പുതിയ കണ്ടെത്തലാണ് ‘ദക്ഷിണ’ എന്ന നായിക. ഇൗ പേര് പോലും ബാലചന്ദ്രമേനോന്റെ അർഥമുള്ള സംഭാവന. പൂർണമായും തിരുവനന്തപുരത്ത് ചിത്രീകരണം പൂർത്തിയാക്കുന്ന ഇൗ ചിത്രം സിനിമയെ അഗാ‌ധമായി സ്നേഹിക്കുകയും അതിനായി ജീവിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ കഥയാണ്പറയുന്നത്.ഇൗ ചിത്രത്തിൽ മറ്റൊരു നായികയേയും മേനോൻ കൈ പിടിച്ച് മുന്നോട്ട് കൊണ്ടു വരുന്നു. ചില ചിത്രങ്ങളിൽ അപ്രസക്തമായ വേഷത്തിൽ മാത്രം പ്രത്യക്ഷമായിട്ടുള്ള ശ്രീധന്യ എന്ന നടി. ഇൗ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ‘ഗായത്രി’ എന്ന പേര് ഇനി വെള്ളിത്തിരയിലെ തന്റെ സ്വന്തം പേരാക്കാൻ ‌ആഗ്രഹിക്കുകയാണ് ഇപ്പോൾ ശ്രീധന്യ. ശബ്ദസൗകുമാര്യത്തിലൂടെ മലയാളിക്ക് സുപരിചിതയായ ‘ഭാഗ്യലക്ഷ്മി’ ഇൗ ചിത്രത്തിലൂടെ മലയാളിക്ക് മുമ്പിൽ ആകാരത്തിലും പ്രത്യക്ഷമാകും. മമ്മൂട്ടി–ലാൽജോസ് ചിത്രമായിരുന്ന പട്ടാളത്തിലെ നായിക ടെസ്സ ഇൗ ചിത്രത്തിലൂടെ വീണ്ടും എത്തുന്നു. ഒരു കാലത്ത് മലയാള സിനിമയിലെ മുൻനിര താരങ്ങളായിരുന്ന ശങ്കർ, മേനക, രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നു. പൂവച്ചൽ ഖാദർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ബാലചന്ദ്രമേനോൻ തന്നെ. ജയച്ചന്ദ്രനും മഞ്ജരിയും ഗായികമാരാകുന്നു.ഏകലവ്യൻ, യാദവം എന്നീ ചിത്രങ്ങൾക്കു ശേഷം നടൻ മധു മൂന്നാം വട്ടം മുഖ്യമന്ത്രി വേഷത്തിൽ എത്തുന്ന ഇൗ ചിത്രത്തിന്റെ ക്ലൈമാക്സിന്റെ‌ ചിത്രീകരണവും പുതിയ നായികയെ പരിചയപ്പെടുത്തലും നാളെ( 5–7–2015 ) വൈകിട്ട് നാലിനു സെനറ്റ് ഹാളിൽ നടക്കും. അവകാ‌ശവാദങ്ങളൊന്നുമില്ലാതെ ബാലചന്ദ്രമേനോൻ പറയുന്നു, ‘ ഞാൻ സംവിധാനം ചെയ്യും ’ ​ആ പേര് സൂചിപ്പിക്കും പോലെ ‘കഥ, തിരക്കഥ, സംഭാഷണം , സംവിധാനം ബാലചന്ദ്രമേനോൻ’ എന്ന ടൈറ്റിൽ കാർഡ് കുടുംബപ്രേക്ഷകരെ ഒരിക്കൽ കൂടി ഒാർമിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. അത്ര മാത്രം.’

Share.

About Author

Comments are closed.