പ്രഭാസ്, അനുഷ്ക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ പുതിയ ട്രെയിലര്‍ പുറത്തുവന്നു. രാജമൗലിയെ സംവിധായകരിലെ രാജാവ് എന്നുതന്നെ ഇനി വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. സംവിധാനം ചെയ്ത ഒൻപതു സിനിമകളും സൂപ്പർഹിറ്റാക്കിയ എസ്.എസ്. രാജമൗലിയെത്തുകയാണ്, ഇന്ത്യൻ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രവുമായി. 200 കോടി രൂപ മുടക്കി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലെത്തുന്ന ‘ബാഹുബലി’ ജൂലൈ 10നു റിലീസ് ചെയ്യും. മൊത്തം നാലു മണിക്കൂറും എട്ടു മിനിറ്റും നീളുന്ന രണ്ടു ഭാഗങ്ങളായുള്ള ചിത്രത്തിന്റെ ആദ്യഭാഗമാണ് റിലീസ് ചെയ്യാൻ പോകുന്നത്. തെലുങ്കു സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാറ്റലൈറ്റ് തുക കിട്ടിയ ചിത്രം കൂടിയാണിത്. രണ്ടു ഭാഗങ്ങൾക്കും കൂടി 25 കോടി രൂപയാണ് മാ ടിവി നൽകിയത്.എഡി 500ലെ രാജവംശങ്ങളുടെയും യോദ്ധാക്കളുടെയും കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും രാജമൗലി തന്നെ.
പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ, സുദീപ്, അദിവി ശേഷ് തുടങ്ങിയവരാണ് അഭിനേതാക്കൾ. രാജമൗലിയുടെ അടുത്ത ബന്ധുകൂടിയായ എം.എം. കീരവാണിയാണു സംഗീതം. തെലുങ്കിലും തമിഴിലുമായി ഒരേ സമയത്തു ചിത്രീകരിച്ച ബാഹുബലിയുടെ മൊഴിമാറ്റരൂപമാണു മലയാളത്തിലും ഹിന്ദിയിലും ഇറങ്ങുക.പ്രഭാസും റാണയും അനുഷ്കയും അടക്കമുള്ള താരങ്ങളെല്ലാം ചിത്രത്തിനുവേണ്ടി ഏറെ പ്രയാസപ്പെടുകയും ഹോംവർക്ക് നടത്തുകയും ചെയ്തു. വാൾപയറ്റും കുതിരസവാരിയുമൊക്കെ പഠിച്ചു ഇവർ. ഒറ്റ ഭാഗമായിത്തന്നെ ഇറക്കാനായിരുന്നു പദ്ധതിയെങ്കിലും ചിത്രത്തിന്റെ നീളം ഒരു തരത്തിലും കുറയ്ക്കാൻ പറ്റാതായതോടെയാണു രണ്ടു ഭാഗമാക്കാൻ തീരുമാനിച്ചത്. കർണൂൽ റോക്ക് ഗാർഡൻ, ഹൈദരാബാദ്, രാമോജി ഫിലിം സിറ്റി, കേരളം, ബൾഗേറിയ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തൃശൂർ ജില്ലയിലെ അതിരപ്പിള്ളിയിലാണു ചില സുപ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.
Baahubali Traile