സ്വയംഭരണം അമിക്കസ്ക്യൂറിയെ നിയമിച്ച ഉത്തരവിന് സ്റ്റേ

0

വിജിലന്‍സിന് സ്വയംഭരണാവകാശം നല്‍കുന്നതിനെപ്പറ്റി പഠിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഹര്‍ജിയില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്ന് വിട്ടുമാറിയുള്ള ഇത്തരം കാര്യങ്ങള്‍ കോടതി പരിഗണിക്കുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാറിനു വേണ്ടി ആഭ്യന്തര സെക്രട്ടറിയും മറ്റും സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നത്. വിജിലന്‍സിനെ സി.ബി.ഐ.യെപ്പോലെ സ്വതന്ത്രമാക്കാനാവുമോ എന്ന് പഠിക്കാനായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അക്കാര്യത്തില്‍ കോടതിയെ സഹായിക്കാന്‍ അഡ്വ. കെ. ജയകുമാര്‍, അഡ്വ. ബി.എസ്. കൃഷ്ണന്‍ എന്നിവരെ ജൂണ്‍ 16ലെ ഉത്തരവിലൂടെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തിരുന്നു.രാജു ഡി. വള്ളിക്കാപ്പന്റേത് ഉള്‍പ്പെടെയുള്ള രണ്ട് ഹര്‍ജികളിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. മലപ്പുറം ജില്ലയില്‍ താഴേക്കണ്ണത്ത് പന്നിക്കുന്ന് റോഡ് നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നതാണ് രാജുവിന്റെ ഹര്‍ജി. വിജിലന്‍സിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്ന് പ്രസ്തുത ഹര്‍ജിയില്‍ വാദമില്ലെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെടുന്നതായിരുന്നു കോടതിയുടെ പരിഗണനയിലുള്ള മറ്റൊരു ഹര്‍ജി. വിജിലന്‍സിന് സ്വയംഭരണം നല്‍കാനാവുമോ എന്ന് വിലയിരുത്താന്‍ അമിക്കസ് ക്യൂറിയെ വച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം.

Share.

About Author

Comments are closed.