മഹാകുംഭമേളയ്ക്ക് സമാനമായ ആന്ധ്രയിലെ ഗോദാവരി മഹാപുഷ്കരം മഹോല്‍സവത്തിനിടെ തിരക്കില്‍പ്പെട്ട് 27 തീര്‍ഥാടകര്‍ മരിച്ചു. മരിച്ചവരില്‍ 26 പേരും സ്ത്രീകളാണ്. നാല്‍പതു പേര്‍ക്ക് പരുക്കേറ്റു. മേളയുടെ ഭാഗമായുള്ള ഗോദാവരി സ്നാനത്തിനിടെയാണ് അപകടം. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. 144 വര്‍ഷം കൂടുമ്പോഴെത്തുന്ന മഹാപുഷ്കരം മഹോല്‍സവം തുടങ്ങി രണ്ടു മണിക്കൂറിനുള്ളിലാണ് ദുരന്തമുണ്ടായത്. വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കപ്പെടുന്ന ‘മഹാപുഷ്‌കരുലു’ ആന്ധ്രയിലെ ഹിന്ദുമത വിശ്വാസികള്‍ പവിത്രമായാണ് കരുതുന്നത്. ഇതിന്റെ ചെറിയ പതിപ്പായ പുഷ്‌കരുലു 12 വര്‍ഷം കൂടുമ്പോള്‍ ആഘോഷിക്കാറുണ്ട്. തെലങ്കാന, ആന്ധപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമായി വലിയ ജനക്കൂട്ടം രാവിലെ മുതല്‍ ഇവിടെ തടിച്ചുകൂടിയിരുന്നു. ചടങ്ങുകള്‍ നടക്കുമ്പോള്‍ ഗോദാവരി നദിയില്‍ കുളിക്കുന്നത് പുണ്യമായാണ് കണക്കാക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു എന്നിവര്‍ രാവിലെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയിരുന്നു. . നദികളെ പൂജിക്കുന്ന മഹാപുഷ്‌കരുലു മേളക്കിടെയാണ് ദുരന്തമുണ്ടായത്. ഗോദാവരി തീരത്ത് പുണ്യസ്നാനത്തിനെത്തിയ തീര്‍ഥാടകര്‍ തിരക്കു കൂട്ടിയതാണ് അപകടകാരണം. കിഴക്കന്‍ ഗോദാവരി ജില്ലയിലെ രാജമുണ്ട്രി പുഷ്കര്‍ ഘട്ടില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി സജ്ജമാക്കിയ മൂന്ന് ഗേറ്റുകളിലൊന്നിലാണ് സംഭവം. സ്ത്രീകളിലൊരാള്‍ വീണതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായെന്ന് അധികൃതര്‍ പറഞ്ഞു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കുടുംബവും ഇന്ന് പുലര്‍ച്ചെ സ്നാനം ചെയ്ത് മടങ്ങിയതിനു പിന്നാലെയാണ് അപകടം.മുഖ്യമന്ത്രിയടക്കമുള്ള വിവിഐപികളുടെ സന്ദര്‍ശന സമയത്ത് തീര്‍ഥാടകരെ നിയന്ത്രിച്ചിരുന്നു. വിവിഐപി സന്ദര്‍ശനത്തിനു ശേഷം തീര്‍ഥാടകരെ കടത്തി വിട്ടതോടെയാണ് തിരക്ക് നിയന്ത്രണാതീതമായതെന്ന് പറയുന്നു. വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് സംഭവസ്ഥലത്തുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്ര മുഖ്യമന്ത്രി പത്തുലക്ഷംരൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.