സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് 13-കാരനെ തല്ലിക്കൊന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗ്ലൂദേശിലെങ്ങും പ്രതിഷേധം ഇരന്പുന്നു.സംഭവത്തില്‍ പോലീസ് കേസെടുത്ത് അഞ്ചുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
ജൂലായ് എട്ടിനാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.സമിയുള്‍ അലം രജോണ്‍ എന്ന ബാലനാണ് സംഘംചേര്‍ന്നുള്ള ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് മരിച്ചത്.ബാലനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
മുഖ്യപ്രതി കമറുല്‍ ഇസ്ലാമിനെ സൗദി അറേബ്യയില്‍നിന്നാണ് പിടികൂടിയതെന്ന് ബംഗ്ലൂദേശ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.ബംഗ്ലാദേശിലെ മുഴുവന്‍ തെരുവുകളിലും കൊലപാതകത്തിനെതിരെ കഴിഞ്ഞദിവസം പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.
സമിയുലിനെ മര്‍ദിക്കുന്നതിന്റെ 28 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആരാണ് പകര്‍ത്തിയതെന്ന് വ്യക്തമായിട്ടില്ല. 25-ലധികംപേര്‍ സംഭവം കണ്ടുനിന്നതായും ആരും പോലീസിനെ അറിയിച്ചില്ലെന്നും സില്‍ഹെറ്റ് പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഫൈസല്‍ മഹമൂദ് പറഞ്ഞു.
സില്‍ഹെറ്റ് നഗരത്തില്‍ ഒരു കടയ്ക്കുമുന്നിലെ തൂണില്‍ കെട്ടിയിട്ടശേഷമായിരുന്നു സമിയുലിനെ കൊടിയ മര്‍ദനത്തിന് വിധേയമാക്കിയത്.കാലുകളിലും തലയിലും വയറ്റത്തും വടികൊണ്ട് തല്ലുന്നത് വീഡിയോയിലുണ്ട്.വെള്ളത്തിനുവേണ്ടി കുട്ടി യാചിക്കുന്നതും തന്നെ പോലീസിലേല്പിക്കാന്‍ ആവശ്യപ്പെടുന്നതും ചിത്രീകരിച്ചിട്ടുണ്ട്.വേദനകൊണ്ട് പുളയുന്ന ബാലന്‍ തന്നെ ഇങ്ങനെ തല്ലിയാല്‍ ചത്തുപോകുമെന്നും പറയുന്നു.സമിയുലിനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ പ്രതികള്‍ ആക്രോശിക്കുന്നുമുണ്ട്.സൈക്കിള്‍ മോഷ്ടിച്ചെന്ന ആരോപണത്തില്‍ സമിയുല്‍ നിരപരാധിയാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.ഇടയ്ക്ക് അവന്‍ പച്ചക്കറി വില്‍ക്കാന്‍ പോകാറുണ്ട്.പിതാവ് ഡ്രൈവറാണ്.
സംഭവത്തില്‍ മൂന്നുപേരെ നേരത്തേതന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു.ഒരു പ്രതിയുടെ ഭാര്യയും ഇതില്‍ ഉള്‍പ്പെടും. പൈശാചികസംഭവമെന്ന് വിശേഷിപ്പിച്ച പോലീസ് കേസില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സമിയുലിന്റെ ദേഹത്ത് 64 പരിക്കുകളുള്ളതായി തെളിഞ്ഞിട്ടുണ്ട്.തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റിരുന്നു.ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നായിരുന്നു മരണം.
മോഷ്ടിച്ചെന്ന് ആരോപണം: ബംഗ്ലൂദേശില് 13-കാരനെ തല്ലിക്കൊന്നു
0
Share.