ഓണച്ചിത്രങ്ങളുടെ വൈഡ് റിലീസിങ് അനുവദിക്കില്ല ലിബര്ട്ടി ബഷീര്

0

ഓണച്ചിത്രങ്ങള്‍ക്ക് തിയേറ്ററുടമകളില്‍നിന്ന് മുന്‍കൂറായി പണംവാങ്ങിയ സാഹചര്യത്തില്‍ ഇത്തരം ചിത്രങ്ങളുടെ വൈഡ് റിലീസിങ് അനുവദിക്കില്ലെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.വൈഡ് റിലീസിങ്ങിനു തങ്ങളെതിരല്ല. പക്ഷേ, തങ്ങളില്‍നിന്ന് മുന്‍കൂറായി പണംവാങ്ങി എല്ലായിടത്തും സിനിമ റിലീസ്‌ചെയ്യുന്ന പ്രവണത തിയേറ്ററുകളുടെ നിലനില്‍പ്പിനെ ബാധിക്കും. വൈഡ് റിലീസിങ് നടത്തുകയാണങ്കില്‍ മുന്‍കൂറായി വാങ്ങിയ പണം തിരിച്ചുനല്‍കണം -അദ്ദേഹം അഭിപ്രായപ്പെട്ടു.എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ മലബാര്‍ മേഖലാ യോഗതീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സിനിമകള്‍ക്ക് തിയേറ്ററുകളിലും മാളുകളിലും ഒരേ ഷെയര്‍ ലഭിക്കണം. ഇപ്പോള്‍ സിനിമകള്‍ക്ക് മുന്‍കൂറായി പണംനല്‍കുന്ന തിയേറ്ററുകള്‍ക്കും ഇത്തരം സംവിധാനമൊന്നുമില്ലാത്ത മാളുകള്‍ക്കും വ്യത്യസ്തരീതിയിലാണ് ഷെയറുകള്‍ ലഭിക്കുന്നത്. ഇതിന് ഏകീകരണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.’പ്രേമം’ സിനിമയുടെ വ്യാജപതിപ്പുമൂലം ഏഴുകോടി രൂപയോളം തിയേറ്ററുകള്‍ക്കു നഷ്ടമുണ്ടായിട്ടുണ്ട്. വ്യാജപതിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണംവേണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടു.അഡ്വ. ഷാജു എടക്കര, അഡ്വ. എം.രാജന്‍, ഡോ. രാംദാസ്, കെ.സി.ഇസ്മായില്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share.

About Author

Comments are closed.