കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിച്ചുവരുന്ന സാമൂഹ്യ സന്നദ്ധ സംഘടനയാണ് കേരള ലേബര്‍ മൂവ്മെന്‍റ് (കെ.എല്‍.എം).
2015 -16 വര്‍ഷത്തേക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബഡ്ജറ്റില്‍ അസംഘടിത തൊഴിലാളിക്ക് ലഭിച്ചുകൊണ്ടിരുന്ന നാമമാത്രമായ ആനുകുല്യങ്ങള്‍പോലും വെട്ടിക്കുറച്ചിരിക്കുകയാണ്. കേരളത്തില്‍ ഈ വിഭാഗത്തിനായുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ മിക്കവയുൺ നിര്‍ജീവമാണ്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ തൊഴിലാളിദിനം സാമൂഹ്യ സുരക്ഷ അവകാശ സംരക്ഷണ ദിനമായി കെ.എല്‍.എം. ആചരിക്കുകയാണ്.
ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലായി മുഖ്യധാരാ ട്രേഡ് യൂണിയന്‍ നേതാക്കളെ ഉള്‍പ്പെടുത്തി ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ചാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. കൂടാതെ കേരളത്തിലെ മുഴുവന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ ഓഫീസുകളിലേക്കും ജാഥ നടത്തി നിവേദനം സമര്‍പ്പിക്കുന്നു. ഈ വിഷയത്തോടനുബന്ധപ്പെടുത്തി കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്ന മെയ്ദിന സന്ദേശം കേരളത്തിലെ എല്ലാ ഇടവകകളിലും വായിക്കുകയും പൊതുചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ (കണ്‍കറന്‍റ് ലിസ്റ്റ് 3) യില്‍ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ ബാധ്യത വിവരിക്കുന്നുണ്ട്. കൂടാതെ യു.എന്‍. നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സ്ഥാപക അംഗമായ ഇന്ത്യ പ്രസ്തുത സംഘടനയുടെ പ്രഖ്യാപനങ്ങളില്‍ നിന്നും പിന്നോട്ടു പോകുകയും, മുഖ്യധാരാ ട്രേഡ് യൂണിയനുകള്‍ ഈ വിഷയം വേണ്ടത്ര പ്രാധാന്യത്തോടെ സമീപിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കെ.എല്‍.എം. ഈ വിഷയം ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
കേരള ലേബര്‍ മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പാലംപറന്പില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് തോമസ് നിരപ്പുകാലായില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.